Advertisment

എന്‍ഡിഎ എന്നാല്‍ 'നോ ഡാറ്റാ അവെയ്‌ലബിള്‍', മോദിയുടെ ശ്രദ്ധ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍; തിരിച്ചടിച്ച് കോണ്‍ഗ്രസ്

New Update
kharge

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യസഭയിലെ പ്രസംഗം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് മാത്രമായിരുന്നുവെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

Advertisment

യുപിഎ സര്‍ക്കാരിനെക്കുറിച്ച് പ്രധാനമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞു. ഭരണഘടനയില്‍ വിശ്വസിക്കാത്തവരാണ് കോണ്‍ഗ്രസിനോട് ദേശസ്‌നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മോദിയുടെ മറുപടിയെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. 

'മോദിജീ, താങ്കളുടെ ഇരുസഭകളിലെയും പ്രസംഗങ്ങളില്‍ കോണ്‍ഗ്രസിനെ ശപിക്കുക മാത്രമാണ് ചെയ്തത്. 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും അദ്ദേഹം തന്നെക്കുറിച്ച് പറയുന്നതിന് പകരം കോണ്‍ഗ്രസിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ഇന്നും വിലക്കയറ്റത്തെപ്പറ്റിയോ തൊഴിലില്ലായ്മയെപ്പറ്റിയോ സാമ്പത്തിക അസമത്വത്തെക്കുറിച്ചോ അദ്ദേഹം സംസാരിച്ചില്ല.

യഥാര്‍ത്ഥത്തില്‍, സര്‍ക്കാരിന്റെ പക്കല്‍ ഒരു വിവരവുമില്ല. എന്‍ഡിഎ തന്നെ അര്‍ത്ഥമാക്കുന്നത് ഡാറ്റ ലഭ്യമല്ലാത്ത സര്‍ക്കാര്‍(ഡാറ്റാ നോട്ട് അവൈയ്‌ലബിള്‍) എന്നാണ്. സെന്‍സസ് 2021 നടത്തിയിട്ടില്ല, തൊഴില്‍ ഡാറ്റ ഇല്ല, ആരോഗ്യ സര്‍വേ ഇല്ല. നുണകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ എല്ലാ സ്ഥിതി വിവരക്കണക്കുകളും മറച്ചുവെക്കുന്നു. മോദിയുടെ ഗ്യാരണ്ടി ഈ നുണകള്‍ പ്രചരിപ്പിക്കാനുള്ളതാണ്', ഖാര്‍ഗെ പറഞ്ഞു.

ഭരണഘടനയില്‍ വിശ്വസിക്കാത്തവരും ദണ്ഡി മാര്‍ച്ചിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുക്കാത്തവരുമാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ദേശസ്‌നേഹം പ്രസംഗിക്കാന്‍ ധൈര്യം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Advertisment