ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്ങിലും ഡെംചോക്കിലും കരാര്‍ പ്രകാരമുള്ള വാക്കുപാലിച്ച് ഇന്ത്യയും ചൈനയും. ചൈനയുമായുള്ള പുതിയ പട്രോളിംഗ് ക്രമീകരണത്തിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇരുപ്രദേശങ്ങളിലും താല്‍ക്കാലികമായി നിര്‍മിച്ച സംവിധാനങ്ങള്‍ ഇരുപക്ഷവും പൊളിച്ചു നീക്കി.
വെള്ളിയാഴ്ചത്തെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ ഇവ വ്യക്തമാണ്. തര്‍ക്ക സ്ഥലത്തെ ഒന്നിലധികം സ്ഥലങ്ങളിലെ ഘടനകളില്‍ കുറവുണ്ടായതായി ചിത്രം വ്യക്തമാക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള മാക്സര്‍ ടെക്നോളജീസ് നല്‍കിയ വെള്ളിയാഴ്ച മുതലുള്ള ചിത്രങ്ങളിലാണ് സമീപ ദിവസങ്ങളിലെ ഘടനകളുടെയും ഷെല്‍ട്ടറുകളുടെയും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
2020 ഏപ്രിലിനു മുന്‍പത്തെ നിലയിലേക്കു ഘട്ടം ഘട്ടമായി മടങ്ങാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. പാംഗോങ് തടാക തീരത്ത് 2020 മേയ് 5നു ചൈനീസ് സേന കടന്നുകയറിയതോടെയാണു ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.
സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങും നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയിലെത്തിയത്.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക തീരുമാനമുണ്ടായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.