/sathyam/media/media_files/2025/08/31/photos61-2025-08-31-08-30-23.jpg)
ന്യൂഡൽഹി: തുർക്കി സിവിൽ വ്യോമയാന മേഖലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷം നിലപാടിൽ യു ടേൺ അടിച്ച് കേന്ദ്ര സർക്കാർ.
ഇന്ത്യയിലെ വിവിധ എയർലൈൻസ് കമ്പനികൾ ടർക്കിഷ് എയർലൈൻസ് വിമാനങ്ങൾ പാട്ടത്തിന് എടുക്കുന്ന കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകാൻ തുടങ്ങി. തുർക്കിയോടുള്ള നിലപാടിൽ ഇന്ത്യ മയപ്പെടുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോക്ക് ടർക്കിഷ് എയർലൈൻസുമായുള്ള രണ്ട് ബോയിങ് 777 വിമാനങ്ങളുടെ പാട്ട കരാർ ആറു മാസത്തേക്ക് നീട്ടാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ എവിയേഷൻ (ഡിജിസിഎ) അനുമതി നൽകി.
ടർക്കിഷ് എയർലൈൻസുമായുള്ള പാട്ട കരാർ ആഗസ്റ്റ് 31-നകം അവസാനിപ്പിക്കണമെന്നാണ് സിവിൽ ഏവിയേഷൻ റെഗുലേറ്റർ നേരത്തെ നൽകിയിരുന്ന നിർദേശം. ഇതിൽ നിന്നുള്ള മാറ്റമാണ് പുതിയ തീരുമാനം.
തുർക്കി വിമാനക്കമ്പനിയായ കൊറൈൻഡൺ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനത്തിൽ നിന്ന് അഞ്ച് ബോയിങ് 737 വിമാനങ്ങൾ പാട്ടത്തിന് എടുക്കാനുള്ള സ്‌പൈസ് ജെറ്റിന്റെ പദ്ധതിക്കും ഡിജിസിഎ അംഗീകാരം നൽകി.
മാൾട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപസ്ഥാപനത്തിന് പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലും പൂർണമായും തുർക്കി വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലാണ്.
ഇൻഡിഗോ നേരത്തെ ആറു മാസത്തേക്ക് പാട്ട കാലാവധി നീട്ടാനാണ് ആവശ്യമുന്നയിച്ചിരുന്നത്. എന്നാൽ ഇനിയൊരു അവസരം നൽകില്ല എന്ന മുന്നറിയിപ്പോടെ ആഗസ്റ്റ് അവസാനം വരെ മാത്രമായിരുന്നു അന്ന് കാലാവധി നീട്ടി നൽകിയത്. ഈ നിലപാട് തിരുത്തിയാണ് ഇപ്പോൾ ആറു മാസത്തേക്ക് പാട്ട കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ തുർക്കിയുമായുള്ള ബന്ധത്തിൽ നിലപാട് കടുപ്പിച്ചത്. പാകിസ്താൻ ഇന്ത്യക്കെതിരെ തൊടുത്ത നിരവധി ഡ്രോണുകൾ തുർക്കി നിർമിതമാണെന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യക്കെതിരായ ആക്രമണത്തിന് പാകിസ്താന് സഹായം നൽകുന്നതായി വ്യക്തമായതോടെയാണ് ഇന്ത്യ-തുർക്കി ബ്ന്ധം വഷളായത്.