/sathyam/media/media_files/2025/09/04/photos163-2025-09-04-14-53-04.jpg)
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യാത്രക്കാരൻ. ഇൻഡിഗോയുടെ 6ഇ 6571 വിമാനത്തിൽ തിങ്കളാഴ്ചയാണ് സംഭവം.
വ്യോമയാന പ്രോട്ടോകോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ എത്തിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ക്യാബിൻ ക്രൂവിനോടും സഹ യാത്രികരോടും ഇയാൾ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.
മദ്യപിച്ച് വിമാനത്തിൽ കയറിയ യാത്രക്കാരൻ ഉടൻ തന്നെ 'ഹര ഹര മഹാദേവ' ചൊല്ലണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാൾ തർക്കിച്ചു.
വിമാനം പറന്ന് ഉയർന്നപ്പോൾ ഇയാൾ ശീതളപാനീയത്തിന്റെ കുപ്പിയിൽ ഒളിപ്പിച്ച മദ്യമെടുത്ത് കുടിച്ചതായും വിമാനത്തിലെ ജീവനക്കാർ ആരോപിക്കുന്നു. തുടർന്ന് വിമാനം കൊൽക്കത്തയിൽ എത്തിയതോടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.
എന്നാൽ, താൻ 'ഹര ഹര മഹാദേവ' ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് യാത്രക്കാരൻ വ്യക്തമാക്കി. മതപരമായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും യാത്രയ്ക്കിടയിൽ മദ്യപിച്ചിട്ടില്ലെന്നുമായിരുന്നു ഇയാളുടെ വാദം.
വിമാനത്തിൽ കയറും മുൻപ് ബിയർ കുടിച്ചിരുന്നു എന്നും അതിന്റെ റസീപ്റ്റ് കയ്യിൽ ഉണ്ടെന്നും യാത്രക്കാരൻ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ വിമാനത്തിലെ ജീവനക്കാർ തന്നെ ബുദ്ധിമുട്ടിച്ചതായും യാത്രക്കാരൻ ആരോപിക്കുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും പരാതി കൊടുത്തിട്ടുണ്ട്.