ഡല്‍ഹി: ബീഹാറിലെ പൂര്‍ണിയയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപി രാജേഷ് രഞ്ജനെതിരെ തട്ടിപ്പു കേസ് രജിസ്റ്റര്‍ ചെയ്തു. രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവിനെതിരെയാണ് കേസ്.
തന്റെ മണ്ഡലത്തില്‍ ഫര്‍ണിഷിംഗ് ബിസിനസ്സ് നടത്തുന്ന പരാതിക്കാരനെ ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പപ്പു യാദവ് തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ഒരു കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി.
നേരത്തെ 2021ലും 2023ലും സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ച യാദവ് പരാതിക്കാരനെ സമീപിച്ചിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വ്യവസായിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അടുത്ത അഞ്ച് വര്‍ഷത്തേക്ക് എംപിയുമായി ഇടപെടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും പരാതിക്കാരന്‍ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ എംപിക്കും അദ്ദേഹത്തിന്റെ അടുത്ത സഹായി അമിത് യാദവിനും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.