/sathyam/media/media_files/2026/02/15/untitled-2026-02-15-10-52-04.jpg)
ന്യൂയോര്‍ക്ക്: ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി നിഖില്‍ ഗുപ്ത അമേരിക്കന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ദീര്‍ഘകാലമായി നീളുന്ന നിയമപോരാട്ടം തന്റെ കുടുംബത്തെ മാനസികമായി തളര്‍ത്തുന്നു എന്ന് തിരിച്ചറിഞ്ഞാണ് നിഖില്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഫെബ്രുവരി 13 വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് 54-കാരനായ നിഖില്‍ ഗുപ്ത കുറ്റം സമ്മതിച്ചത്. കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ നല്‍കല്‍, വധഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ മൂന്ന് കുറ്റങ്ങളാണ് അദ്ദേഹം സമ്മതിച്ചത്.
കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ നിഖില്‍ ഗുപ്തയ്ക്ക് 40 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. തന്റെ അഭിഭാഷകന്‍ വഴിയാണ് നിഖില്‍ ഈ വിവരം കുടുംബത്തെ അറിയിച്ചത്.
നിഖില്‍ കുറ്റം സമ്മതിക്കുമെന്ന് കുടുംബം നേരത്തെ കരുതിയിരുന്നില്ല. അദ്ദേഹം എല്ലാ കുറ്റങ്ങളും സ്വന്തം തലയില്‍ ഏറ്റെടുത്തതായും മാപ്പ് സാക്ഷിയായിട്ടില്ലെന്നും കുടുംബം പറയുന്നു.
ഒരു ലക്ഷം ഡോളര്‍ നല്‍കി പന്നുവിനെ വധിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കി എന്നതാണ് നിഖില്‍ ഗുപ്തയ്‌ക്കെതിരെയുള്ള ആരോപണം. വികാസ് യാദവ് എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ ആരോപിക്കുന്നു.
പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യ നിയോഗിച്ച ഉന്നതതല സമിതി കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
2024 ജൂണിലാണ് ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് നിഖില്‍ ഗുപ്തയെ അമേരിക്കയ്ക്ക് കൈമാറിയത്. വിചാരണയുടെ തുടക്കത്തില്‍ താന്‍ നിരപരാധിയാണെന്ന് വാദിച്ചിരുന്ന നിഖില്‍, ഇപ്പോള്‍ അപ്രതീക്ഷിതമായാണ് നിലപാട് മാറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us