/sathyam/media/media_files/2025/06/08/ZRi99hGg2jEwsKUKjDgb.jpg)
മലപ്പുറം: ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം തീവ്രഘട്ടത്തിലേക്ക് കടക്കുന്നതിനിടെ നിലമ്പൂരിലെ രാഷ്ട്രീയ ഏറ്റമുട്ടലിന് ചൂട് പകര്‍ന്ന് അപകട മരണം. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വഴിക്കടവ് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ച സംഭവമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ദ്ധന്യത്തില്‍ രാഷ്ട്രീയ ഏറ്റമുട്ടലിന് വഴിവെച്ചിരിക്കുന്നത്.
പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15കാരനായ അനന്തു മരിച്ച സംഭവത്തില്‍ വലിയ പ്രതിഷേധത്തിനാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. വന്യജീവി സംഘര്‍ഷത്തിന്റെ രക്തസാക്ഷിയാണ് അനന്തു എന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിന്റെ പ്രതിഷേധം.
വനം വകുപ്പിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ആരോപിച്ചു.
പിന്നാലെ എല്‍.ഡി.എഫ് നേതാക്കളും ഗുഢാലോചന ആരോപിച്ച് രംഗത്ത് വന്നു. അപകട മരണത്തിന് തൊട്ടുപിന്നാലെ തന്നെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് പ്രതിഷേധ പ്രകടനം നടത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം.
യു.ഡി.എഫ് നേതാക്കളുടെ ഫോണ്‍രേഖകള്‍ അടക്കം പരിശോധിച്ച് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെടുന്നു. ആസൂത്രിതമായി നടന്നു വന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന സംഭവമാണ് അപകടവും മരണവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. ഫോണ്‍ കോള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുമെന്ന് കരുതുന്നു. വനം മന്ത്രി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വാഹനം തടഞ്ഞത് ഉള്‍പ്പെടെ സമരം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോയെന്ന് പരിശോധിക്കപ്പെടണം. കണ്മുന്നിലെ സംഭവം മനസിലാക്കാതെ ബോധപൂര്‍വം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണ്.
രാഷ്ട്രീയ ഗൂഢാലോചന ഉള്‍പ്പെടെ ഫോണ്‍ കോള്‍ പരിശോധിച്ച് വ്യക്തത വരുത്താന്‍ തയാറാകണം. വീണു കിട്ടിയ അവസരം പോലെ പ്രതിപക്ഷം ഉപയോഗിക്കുന്നു. പഞ്ചായത്ത് മെമ്പറെക്കുറിച്ചും അന്വേഷിക്കണം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ അടുത്തയാളാണ് മെമ്പര്‍. പ്രതിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചാല്‍ പകല്‍ പോലെ വ്യക്തമാകും'' എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.
എന്നാല്‍ വനം മന്ത്രിയുടെയും സി.പി.എം സെക്രട്ടറിയുടെയും ഗൂഢാലോചനാ സിദ്ധാന്തത്തെ .യു.ഡി.എഫ് തളളിക്കളയുകയാണ്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ സര്‍ക്കാരിന്റെ കഴിവ് കേടും വനം വകുപ്പിന്റെ നിസ്സംഗതയുമാണ് ചര്‍ച്ചയായത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി ഇത് ഗൂഢാലോചനയാണെന്ന് വനം മന്ത്രി പറയാന്‍ പാടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.നിലമ്പൂരിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാവില്ല.മലയോരത്ത് ഇത്തരം കാര്യങ്ങള്‍ നിത്യ സംഭവമാണ്.
വന്യജീവി അക്രമത്തില്‍ നിന്ന് രക്ഷനേടാനാണ് കര്‍ഷകര്‍ കെണി വെക്കുന്നത്.അതിന്റെ മറവില്‍ ഇത് പോലെ സമൂഹ്യ ദ്രോഹികളും കെണി വെക്കുന്നുണ്ട്. സര്‍ക്കാര്‍ എല്ലാം സ്വാഭാവികതക്ക് വിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ സ്വഭാവിക പ്രതികരണം ഉണ്ടാകും. തെറ്റ് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
വനം മന്ത്രിയുടെ പ്രതികരണം അതിനേക്കാള്‍ തെറ്റാണ്. സംഭവത്തിന്റെ ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൌക്കത്തും ഗൂഢാലോചനയുണ്ടെന്ന ആക്ഷേപം തളളി രംഗത്ത് വന്നു.
വനംമന്ത്രിയുടെ ആരോപണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് ആര്യാടന്‍ ഷൌക്കത്തിന്റെ പ്രതികരണം. പ്രചാരണം അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഉണ്ടായ അപകടം രാഷ്ട്രീയപ്പോരിന് വഴിവെച്ചിരിക്കുകയാണ്. വന്യജീവി സംഘര്‍ഷം മണ്ഡലത്തിലെ സജീവ പ്രശ്‌നം ആയതിനാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മൂര്‍ച്ച കൂടാനാണ് സാധ്യത.
ഇന്നലെ രാത്രി എട്ടരയോടെയാണ് വഴിക്കടവ് വെള്ളക്കെട്ടയില്‍ 15കാരനായ വിദ്യാര്‍ത്ഥി അനന്തു വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഫുട്‌ബോള്‍ കളിച്ച ശേഷം കൂട്ടുകാരുമൊത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. തോട്ടിലെ വെള്ളത്തിലും തോടിന് കുറുകെയും സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
വെള്ളത്തില്‍ കിടന്ന കമ്പിയില്‍ തട്ടിയാണ് അനന്തുവിന് ഷോക്കേറ്റത്. അനന്തുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്കും വൈദ്യുഘാതമേറ്റിട്ടുണ്ട്.
അനന്തുവിന്റെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പോലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.