Advertisment

ഞാന്‍ വഞ്ചിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്; കാംരേജ് നിയമസഭാ സീറ്റ് അവസാന നിമിഷം നിഷേധിച്ച് പാര്‍ട്ടിയാണ് 2017ല്‍ എന്നെ ആദ്യമായി വഞ്ചിച്ചത്; ഞാനല്ല, കോണ്‍ഗ്രസാണ് ആദ്യം തെറ്റുചെയ്തത്; നിലേഷ് കുംഭാണി

പത്രിക തള്ളിയതോടെ കേസ് കൊടുക്കാന്‍ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായിരുന്നെന്ന് കുംഭാണി പറയുന്നു. പക്ഷേ, തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാരനാക്കിയതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
nilesh Untitleda3232.jpg

അഹമ്മദാബാദ്: പാർട്ടിയാണ് തന്നെ വഞ്ചിച്ചതെന്ന് സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കുകയും പിന്നീട് തള്ളിപ്പോവുകയും ചെയ്ത നിലേഷ് കുംഭാണി. പത്രിക തള്ളിപ്പോയതിനെത്തുടർന്ന് സൂറത്തിൽ നിന്ന് അപ്രത്യക്ഷനായ കുംഭാണി 20 ദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്.

Advertisment

പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് കുംഭാണിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത്. എന്നാൽ, ഇക്കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. 'ഞാന്‍ വഞ്ചിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

കാംരേജ് നിയമസഭാ സീറ്റ് അവസാനനിമിഷം നിഷേധിച്ച് പാര്‍ട്ടിയാണ് 2017ല്‍ എന്നെ ആദ്യമായി വഞ്ചിച്ചത്. ഞാനല്ല, കോണ്‍ഗ്രസാണ് ആദ്യം തെറ്റുചെയ്തത്.

സ്വയം പ്രവര്‍ത്തിക്കുകയോ മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയോ ചെയ്യാത്ത അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് പാര്‍ട്ടിയെ ഇവിടെ നയിക്കുന്നത്. ഇതില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. ഇൻഡ്യ സഖ്യത്തിന്റെ ഭാ​ഗമായ എഎപി നേതാക്കള്‍ക്കൊപ്പം പ്രചാരണത്തിന് ഇറങ്ങിയ എന്നെ ഈ നേതാക്കള്‍ എതിര്‍ത്തു' കുംഭാണി ആരോപിച്ചു.

പത്രിക തള്ളിയതോടെ കേസ് കൊടുക്കാന്‍ അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായിരുന്നെന്ന് കുംഭാണി പറയുന്നു. പക്ഷേ, തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാരനാക്കിയതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പരേഷ് ധനാണിയോടുള്ള ബഹുമാനം കൊണ്ടാണ് ഇത്രയും ദിവസം പ്രതികരിക്കാതിരുന്നത്. പാര്‍ട്ടി തന്നെ മത്സരരം​ഗത്തിറക്കിയ സ്വതന്ത്രര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ സൂറത്തിൽ മത്സരം ഉണ്ടാകുമായിരുന്നുവെന്നും കുംഭാണി പറഞ്ഞു.

Advertisment