നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വിവരം തെറ്റ്. സാധ്യമായ എല്ലാ സഹായവും നൽകും. മോചനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

New Update
B

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യമന്ത്രാലയം.

Advertisment

നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്നും മോചനത്തിന് ധാരണയിലെത്തിയതായും പുറത്തുവരുന്ന വാര്‍ത്തകള്‍ വിദേശ കാര്യമന്ത്രാലയം നിഷേധിച്ചു. 


കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യങ്ങളോട് ആവശ്യപ്പെട്ടു.


നിമിഷ പ്രിയയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേസിൽ ഒരു പരിഹാരത്തിലെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

'ഇതൊരു സെന്‍സിറ്റീവ് വിഷയമാണ്, കേസില്‍ ഇന്ത്യാ ഗവണ്‍മെന്റ് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കൂട്ടായ ശ്രമങ്ങളുടെ ഫലമായി, യെമനിലെ ഭരണകൂടം നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. 

ഇന്ത്യയുമായി സൗഹൃദത്തിലുള്ള സര്‍ക്കാരുകളെ ഇടപെടുത്തിയും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രിയയുടെ ജീവനും സുരക്ഷയും ഉറപ്പാക്കാന്‍ ഇന്ത്യ നയതന്ത്രപരമായ ഇടപെടലുകള്‍ തുടരുന്നുണ്ടെങ്കിലും, അവരുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റം വരുത്തുന്ന ഔദ്യോഗിക കരാറും നിലവില്‍ ഇല്ല. എന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

Advertisment