ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മേക്ക്-ഇന്‍-ഇന്ത്യ പദ്ധതിയുടെ പരാജയം കാരണം ചൈന രാജ്യത്തിനകത്തേക്ക് കടന്നിരിക്കുകയാണെന്ന് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചിരുന്നു
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്കോ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പ്രതിസന്ധിയെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ഈ പരാമര്‍ശങ്ങളോട് പ്രതികരിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാഹുല്‍ ഗാന്ധിയുടെ അവകാശവാദങ്ങള്‍ തള്ളിക്കളയുകയും സാമ്പത്തിക കാര്യങ്ങളില്‍ സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
എന്‍ഡിഎ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ വാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍, കോണ്‍ഗ്രസ് ഭരണകാലത്ത് സമ്പദ്വ്യവസ്ഥ 'തളര്‍ച്ച'യിലായിരുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു
'യുപിഎ ഭരണകാലത്ത് ഒന്നും സംഭവിച്ചില്ല. സാമ്പത്തിക സ്തംഭനമുണ്ടായി, ബാങ്കുകള്‍ക്ക് വന്‍ നഷ്ടമുണ്ടായി, വ്യവസായ പ്രമുഖര്‍ കടകള്‍ അടച്ചു, ചിലര്‍ ഇന്ത്യ വിട്ടുപോയി.
അതിനാല്‍ യുവാക്കള്‍ക്ക് ജോലി നല്‍കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് രാഹുല്‍ അംഗീകരിച്ചാല്‍ പോരാ. സമ്പദ്വ്യവസ്ഥ തന്നെ മാന്ദ്യത്തിലായിരുന്നു. സമ്പദ്വ്യവസ്ഥയെ സമ്പൂര്‍ണ തകര്‍ച്ചയിലാക്കിയ നേതാക്കളാണ് ഇന്ന് അവര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നില്ലെന്ന് പറയുന്നതെന്നും അവര്‍ പറഞ്ഞു.