ബീഹാറിൽ 'പുത്രോദയം'; നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് ജനതാദൾ യുണൈറ്റഡിൽ ചേർന്നു; മുഖ്യമന്ത്രിയാക്കണമെന്ന് പ്രവർത്തകർ

പാര്‍ട്ടി ആസ്ഥാനത്ത് ആനകളും ഒട്ടകങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ വലിയ ആഘോഷമാണ് സംഘടിപ്പിച്ചത്

New Update
Untitled

പട്‌ന: ബീഹാര്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഞായറാഴ്ച പട്‌നയിലെ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

Advertisment

കേന്ദ്രമന്ത്രി ലാലന്‍ സിംഗ്, രാജ്യസഭാ എം.പി സഞ്ജയ് കുമാര്‍ ത്സാ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ നിഷാന്തിന് അംഗത്വ രസീതും പാര്‍ട്ടി ചിഹ്നവും കൈമാറി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നില്ല.


'അച്ഛന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും' എന്ന് നിഷാന്ത് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിതീഷ് കുമാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ആസ്ഥാനത്ത് ആനകളും ഒട്ടകങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ വലിയ ആഘോഷമാണ് സംഘടിപ്പിച്ചത്. നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് മാറുന്ന സാഹചര്യത്തില്‍, നിഷാന്തിനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.


ബി.ഐ.ടി മെസ്റയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ നിഷാന്ത് (50), പശ്ചിമ ചമ്പാരനില്‍ നിന്ന് ഉടന്‍ തന്നെ സംസ്ഥാനതല പര്യടനം ആരംഭിക്കും.


മഹാവീര്‍ മന്ദിറിലെ ദര്‍ശനത്തിനും ഷഹീദ് സ്മാരകത്തിലെ പുഷ്പാര്‍ച്ചനയ്ക്കും ശേഷമാണ് അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. ജെ.ഡി.യുവില്‍ നിഷാന്തിന് ഉടന്‍ തന്നെ നിര്‍ണ്ണായക പദവികള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisment