“ഞാൻ ഉൾപ്പെട്ടിരിക്കുന്ന സഖ്യത്തിലേക്ക് ഞാൻ തിരിച്ചെത്തി; അതിൽ നിന്ന് ഞാൻ കുറച്ചു കാലമായി വിട്ടുനിന്നു; ഇനി ഞാൻ എന്നെന്നേക്കുമായി ബിജെപി സഖ്യത്തിനൊപ്പം; നിതീഷ് കുമാർ

New Update
nitish

ഡല്‍ഹി; എൻഡിഎ മുന്നണിക്കൊപ്പം വീണ്ടും കൈകോർത്തതിന് ശേഷം പ്രതികരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എൻ ഡി എ സഖ്യത്തിലേക്കുള്ള തന്റെ മടങ്ങിവരവ് ശാശ്വതമാണെന്നും ഇനി എന്നേക്കുമായി താൻ ബിജെപിയുമായി ചേർന്നാകും പ്രവർത്തിക്കുക എന്നും നിതീഷ് വ്യക്തമാക്കി.

Advertisment

ഒരു പതിറ്റാണ്ടിനിടെ രണ്ടുതവണ രാജിവച്ച സഖ്യമായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയിലേക്ക് മടങ്ങി വന്ന് ഒരു മാസത്തിനുള്ളിലാണ് നിതീഷിന്റെ ഇക്കാര്യത്തിലെ പ്രതികരണം.  

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെടെയുള്ളവരുമായി നിതീഷ് കൂടിക്കാഴ്ച്ച നടത്തി. മുന്നണി പ്രവേശനത്തിന് ശേഷമുള്ള നിതീഷിന്റെ ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു ഇത്. ഡൽഹിയിൽ നിന്ന് മടങ്ങിയ ശേഷം പട്‌നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ജെഡിയു അധ്യക്ഷന്റെ മുന്നണി സംബന്ധിച്ച പ്രതികരണം. 

“ഞാൻ ഉൾപ്പെട്ടിരിക്കുന്ന സഖ്യത്തിലേക്ക് ഞാൻ തിരിച്ചെത്തി, അതിൽ നിന്ന് ഞാൻ കുറച്ചുകാലമായി വിട്ടുനിന്നു. ഇപ്പോൾ ഞാൻ എന്നെന്നേക്കുമായി ഇവിടെയായിരിക്കാൻ പോകുന്നു. ഞങ്ങളുടെ ബന്ധം ശാശ്വതമായിരിക്കും," കുമാർ അവകാശപ്പെട്ടു,

അന്തരിച്ച ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള സമതാ പാർട്ടിയിൽ ആയിരുന്ന നിതീഷ് 1996 മുതൽ ബിജെപി സഖ്യകക്ഷിയാണ് എന്നത് ശ്രദ്ധേയമാണ്. 2013-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടതാണ് ബി.ജെ.പിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ വേർപിരിയൽ.

എന്നാൽ 2017-ൽ  ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയ നിതീഷ് അഞ്ച് വർഷത്തിന് ശേഷം, ജെഡിയുവിനെ ദുർബലപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നുവെന്നാരോപിച്ച് മുന്നണി വിട്ടു. 

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ബിഹാറിനായി എന്തെങ്കിലും വാഗ്ദാനങ്ങൾ ലഭിച്ചോ എന്ന ചോദ്യത്തിന്, “ഞാൻ 2005 മുതൽ ബീഹാറിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാം ചർച്ച ചെയ്തു." എന്നതായിരുന്നു നിതീഷിന്റെ മറുപടി. 

Advertisment