നിങ്ങള്‍ എത്ര പേരാണുള്ളതെന്ന് നോക്കൂ. ഞങ്ങളുടെ കൂടെ 202 പേരുണ്ട്. അടങ്ങിയിരുന്ന് പറയുന്നത് കേള്‍ക്കൂ,' നിയമസഭയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിതീഷ് കുമാർ

എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാന്‍ ഈ വിഷയത്തില്‍ നേരത്തെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നതായും എംഎല്‍എ രാജു തിവാരി സഭയെ അറിയിച്ചു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

പാറ്റ്ന: ബീഹാര്‍ നിയമസഭയില്‍ ബഹളം വെച്ച പ്രതിപക്ഷ എംഎല്‍എമാരെ രൂക്ഷമായ ഭാഷയില്‍ ശാസിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സാധാരണ സഭയില്‍ അധികം സംസാരിക്കാത്ത മുഖ്യമന്ത്രി, ചൊവ്വാഴ്ച ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം ബഹളം വെച്ചപ്പോഴാണ് നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചത്.

Advertisment

ചൗക്കിദാര്‍മാരുടെ നിയമന രീതി മാറ്റുന്നതിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ നിതീഷ് കുമാര്‍ നേരിട്ട് മറുപടിയുമായി രംഗത്തെത്തി.


'അനാവശ്യമായി സംസാരിക്കരുത്. നിങ്ങള്‍ എത്ര കുറച്ചു പേരാണുള്ളതെന്ന് നോക്കൂ. ഞങ്ങളുടെ കൂടെ 202 പേരുണ്ട് (എന്‍ഡിഎ എംഎല്‍എമാര്‍). അടങ്ങിയിരുന്ന് പറയുന്നത് കേള്‍ക്കൂ,' എന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

തങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് വൈകുന്നേരമായാല്‍ ആരും പുറത്തിറങ്ങാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ലെന്നും, തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കാണാതെയാണ് പ്രതിപക്ഷം ബഹളം വെക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബ്രിട്ടീഷ് കാലം മുതല്‍ നിലനിന്നിരുന്ന 'പാരമ്പര്യ നിയമന രീതി' (ഒരേ കുടുംബത്തിലെ അടുത്ത തലമുറയ്ക്ക് ജോലി നല്‍കുന്ന രീതി) മാറ്റി പുതിയ റിക്രൂട്ട്മെന്റ് രീതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഗ്രാമ കാവല്‍ക്കാരായ ചൗക്കിദാര്‍മാരും ദഫാദാര്‍മാരും പ്രതിഷേധിക്കുന്നത്. തിങ്കളാഴ്ച ഇവര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ആര്‍ജെഡി എംഎല്‍എ കുമാര്‍ സര്‍വജിത് ആരോപിച്ചു.


ബഹളം നിയന്ത്രണാതീതമായതോടെ മുതിര്‍ന്ന ജെഡിയു നേതാവ് വിജയ് കുമാര്‍ ചൗധരിയും ഊര്‍ജ്ജ മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവും ഇടപെട്ടു. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവരുടെ ആവശ്യങ്ങള്‍ സഹാനുഭൂതിയോടെ പരിഗണിക്കുമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കി.


എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാന്‍ ഈ വിഷയത്തില്‍ നേരത്തെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നതായും എംഎല്‍എ രാജു തിവാരി സഭയെ അറിയിച്ചു. മന്ത്രിമാരുടെ ഉറപ്പിനെത്തുടര്‍ന്ന് പ്രതിപക്ഷം ശാന്തമാവുകയും സഭാനടപടികള്‍ തുടരുകയും ചെയ്തു.

Advertisment