/sathyam/media/media_files/2026/03/05/nitish-kumar-2026-03-05-12-11-58.jpg)
പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നിതീഷ് കുമാര്‍ ഭരണത്തിന് തിരശ്ശീല വീഴുന്നു. മുഖ്യമന്ത്രി പദവി രാജിവെച്ച് താന്‍ രാജ്യസഭയിലേക്ക് മാറുന്ന കാര്യം നിതീഷ് കുമാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന റെക്കോര്‍ഡുമായാണ് നിതീഷ് പടിയിറങ്ങുന്നത്.
സജീവ ഭരണത്തില്‍ നിന്നുള്ള വിരമിക്കല്‍ സൂചന നല്‍കി വികാരാധീനനായാണ് ജെഡിയു അധ്യക്ഷന്‍ സോഷ്യല്‍ മീഡിയയിലൂടെ തീരുമാനം പങ്കുവെച്ചത്. നിയമസഭ, നിയമനിര്‍മ്മാണ കൗണ്‍സില്‍, ലോക്സഭ, രാജ്യസഭ എന്നീ നാല് സഭകളിലും അംഗമാകുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും രാജ്യസഭാ പ്രവേശനത്തോടെ ആ സ്വപ്നം പൂര്‍ത്തിയാകുകയാണെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബിഹാറിലെ ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഈ വിശ്വാസമാണ് ബിഹാറിന്റെ വികസനത്തിന് അടിത്തറ പാകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാലും ബിഹാറിന്റെ വികസനത്തിനായി പുതിയ സര്‍ക്കാരിന് തന്റെ പൂര്‍ണ്ണ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
നിതീഷ് കുമാര്‍ ഒഴിയുന്നതോടെ ബിഹാറില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യം രൂപപ്പെടുകയാണ്. നിതീഷിന്റെ മകന്‍ നിശാന്ത് കുമാറിനെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമാണ്. അദ്ദേഹം പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകാനോ അതല്ലെങ്കില്‍ രാജ്യസഭയിലേക്ക് മാറാനോ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.
രാഷ്ട്രീയ മാറ്റങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, അവധിയിലായിരുന്ന മുഴുവന്‍ എന്‍ഡിഎ എംഎല്‍എമാരോടും അടിയന്തരമായി പട്‌നയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us