ഡല്‍ഹി; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജെഡിയു വീണ്ടും എൻഡിഎയിൽ ചേരുകയും ബിജെപിയുമായി ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തതിന് ശേഷം പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിൻ്റെ ആദ്യ കൂടിക്കാഴ്ചയാണ് ബുധനാഴ്ച നടന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. 1995 മുതൽ ബിജെപിയും ജെഡിയുവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നദ്ദയെ കണ്ട ശേഷം നിതീഷ് കുമാർ വ്യക്തമാക്കി.
എന്നാൽ അതിനിടയിൽ ഒന്നു രണ്ടു തവണ ചില മാറ്റങ്ങളുണ്ടായി. എന്നാൽ ഇനിയൊരിക്കലും അത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകില്ലെന്നും അങ്ങോട്ടുമിങ്ങോട്ടും മാറാതെ ജെഡിയു ഇവിടെത്തന്നെ ഉണ്ടാകുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
സീറ്റ് വിഭജനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. സീറ്റ് വിഭജന വിഷയം ഇപ്പോൾ ചർച്ച ചെയ്യുന്നതിൽ യുക്തിയില്ലെന്നാണ് നിതീഷ് കുമാർ പറയുന്നത്. കൃത്യസമയത്ത് തന്നെ അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ആദ്യം മുതൽ എല്ലാം അറിയാമെന്ന് ബിജെപിയെ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.