Advertisment

ഹിന്ദു നിയമപ്രകാരം വിവാഹം കഴിക്കാൻ പുരോഹിതർ നിർബന്ധമില്ലെന്ന് സുപ്രീം കോടതി

അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ഏതൊരാളെയും സാക്ഷിയാക്കി ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം നടത്താം.

New Update
supreme court manipur

ഡൽഹി: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് പുരോഹിതരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് സുപ്രീം കോടതി. ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മുന്നില്‍വെച്ചുള്ള വിവാഹവും സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകന്റെ ചേംബറില്‍ വച്ചുനടത്തിയ വിവാഹം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി വിധി.

അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ഏതൊരാളെയും സാക്ഷിയാക്കി ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം നടത്താം. നിയമത്തിന്റെ ഏഴാം വകുപ്പ് അനുസരിച്ച് സാധുവായ വിവാഹത്തിന് പുരോഹിതന്റെ സാന്നിധ്യം അനിവാര്യമല്ലെന്നും കോടതി വ്യക്തത വരുത്തി. പരസ്പരം മാല ചാര്‍ത്തുന്നതും വിവാഹമോതിരം കൈമാറുന്നതും താലി കെട്ടുന്നതും ഏതൊരാളുടെയും സാന്നിധ്യത്തിലാകാം. ഇതെല്ലാം ഹിന്ദു വിവാഹ നിയമപ്രകാരം സാധുവാണെന്നും സുപ്രീം കോടതി പറഞ്ഞു.

അഭിഭാഷകരെ സാക്ഷികളാക്കി നടത്തുന്ന വിവാഹം സാധുവല്ലെന്നാണ് 2014ലെ ബാലകൃഷ്ണ പാണ്ഡ്യന്‍ കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് പുറപ്പെടുവിച്ച മദ്രാസ് ഹൈക്കോടതിയുടെ 2023ലെ വിധി സുപ്രീം കോടതി റദ്ദാക്കി. അപരിചിതരുടെ സാന്നിധ്യത്തില്‍ നടത്തിയ വിവാഹം സാധുവല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. അഭിഭാഷകര്‍ക്ക് സാക്ഷികള്‍ ആകുന്നതിന് അഭിഭാഷക നിയമം അനുസരിച്ച് വിലക്കുണ്ട്. എന്നാല്‍ വ്യക്തികളെന്ന പരിഗണനയില്‍ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാക്ഷികളാകാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

#delhi #supreme court
Advertisment