റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ.
ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ഹർജിയിൽ ഇന്നു വാദം പൂർത്തിയായി. ഉത്തരവ് റിസർവ് ചെയ്ത് വച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.
ഇതോടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ശനിയാഴ്ചത്തേയ്ക്ക് കോടതി മാറ്റി. കേസിൽ അറസ്റ്റിലായ മലയാളി സിസ്റ്റർമാരായ പ്രീതിയുടെയും വന്ദനയുടെയും ജയിൽവാസം ഇതോടെ നീളും.
അതേസമയം കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് ഛത്തീസ്ഗഡ് സർക്കാരിന്റെ നീക്കം.
ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽനിന്നുള്ള എംപിമാരോട് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.