ന്യൂഡൽഹി : കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ വീണ്ടും എതിർത്ത് ഛത്തീഗഡ് സർക്കാർ. ഇവർക്ക് ജാമ്യം നൽകുന്നതിലുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് പ്രോസിക്യൂഷൻ ഒറ്റവരിയിൽ എതിർപ്പ് ്രപകടിപ്പിച്ചത്.
കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ കടുത്ത എതിർപ്പ് ഉന്നയിക്കാത്തത് ജാമ്യം ലഭിക്കാൻ കാരണമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇന്ന് വാദം കേട്ടെങ്കിലും വിധി പറയാൻ എൻ.ഐ.എ കോടതി നാളെത്തേക്ക് മാറ്റുകയായിരുന്നു.
കോടതിയെ സമീപിച്ചാൽ ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എം.പിമാരോട് വ്യക്തമാക്കിയിരുന്നു.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. എന്നാൽ കേന്ദ്രം ഉറപ്പ് നൽകിയിട്ടും ജാമ്യാപേക്ഷയെ അനുകൂലിക്കാതെ ഒറ്റവരിയിൽ പ്രോസിക്യൂഷൻ എതിർപ്പ് ്രപകടിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ സി.ബി.സി.ഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചിരുന്നു.
അപ്പോഴും ഛത്തീസ് ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന ഉറപ്പായിരുന്നു നൽകിയത്. എന്നാൽ അതുണ്ടായില്ല.
പക്ഷേ ജാമ്യാപേക്ഷയിൽ കടുത്ത എതിർപ്പ് ഉന്നയിക്കാതിരുന്നത് ജാമ്യം കിട്ടാനുള്ള സാധ്യത വർധഢിപ്പിച്ചിട്ടുണ്ടെന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ നാളെത്തെ കോടതി വിധിയിൽ എല്ലാവരും ഉറ്റുനോക്കുകയാണ്.
ആദ്യ ജാമ്യാപേക്ഷയിൽ സർക്കാർ കടുത്ത എതിർപ്പാണ് കന്യാസ്ത്രീകൾക്ക് നേരെ ഉയർത്തിയത്. ഇതോടെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
പിന്നീട് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയപ്പോൾ കോടതിക്ക് പുറത്ത് കടുത്ത പ്രതിഷേധമാണ് ബജ്‌റംഗ്ദൾ ഉയർത്തിയത്. സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല.
പകരം പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടുന്ന വകുപ്പായതിനാലും മനുഷ്യക്കടത്ത് അടക്കം ചേർത്തിരിക്കുന്നതിനാലും എൻ.ഐ.എ കോടതിയെ സമീപിക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഇന്ന് എൻ.ഐ.എ കോടതിയിൽ ഹർജി നൽകിയത്.