ഭുവനേശ്വര്‍: ഒഡിഷയിലെ റായഗഡ ജില്ലയില്‍ ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് യുവ ദമ്പതികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം.
കാഞ്ചമഞ്ചിര ഗ്രാമത്തില്‍ നടന്ന ഈ സംഭവത്തില്‍, യുവാവിനെയും യുവതിയെയും നുകത്തില്‍ കെട്ടി കാളകളെപ്പോലെ വയലിലൂടെ വലിച്ചിഴയ്ക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.
ഇരുവരും പ്രണയത്തിലായിരുന്നു. യുവാവും യുവതിയും അടുത്തിടെ വിവാഹിതരായി. യുവാവ്, യുവതിയുടെ പിതൃസഹോദരിയുടെ മകനായതുകൊണ്ട്, ഗ്രാമത്തിലെ ചിലര്‍ ഈ വിവാഹത്തിന് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.
ആചാരമനുസരിച്ച്, പിതൃസഹോദരിയുടെ മകനുമായി വിവാഹം കഴിക്കുന്നത് ഗ്രാമത്തില്‍ നിരോധിതമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു.
വലിയൊരു ജനക്കൂട്ടം ഇരുവരെയും നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു. വലിച്ചിഴയ്ക്കുന്നതിനിടെ ഇരുവരെയും വടി കൊണ്ട് അടിച്ചു. പിന്നീട്, ദമ്പതികളെ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി 'ശുദ്ധീകരണ ചടങ്ങുകള്‍' നടത്തി.
ചാട്ടവാറിനടിച്ച് നാടുകടത്തുകയും ഇവരുടെ കുടുംബത്തെയും സാമൂഹികമായി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, ജില്ലാ എസ്പി എസ്. സ്വാതി കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ആചാരലംഘന പേരില്‍ യുവ ദമ്പതികള്‍ക്ക് നേരെ നടന്ന ഈ ക്രൂരത സമൂഹത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.