ഡല്‍ഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് വായിച്ച നിമിഷം കൊല്ലപ്പെട്ട ഭര്‍ത്താവ് ശുഭത്തിന്റെ ഫോട്ടോ നോക്കി താന്‍ കരഞ്ഞുവെന്ന് പഹല്‍ഗാമില്‍ തീവ്രവാദികള്‍ പോയിന്റ്-ബ്ലാങ്ക് റേഞ്ചില്‍ വെടിവച്ചു കൊന്ന ശുഭം ദ്വിവേദിയുടെ ഭാര്യ ഐഷാന്യ ദ്വിവേദി.
സര്‍ക്കാരിനോട് താന്‍ വളരെ നന്ദിയുള്ളവളാണെന്നും ഐഷാന്യ ദ്വിവേദി പറഞ്ഞു. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ആക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍ സൈന്യവും നാവികസേനയും വ്യോമസേനയും പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും സംയുക്തമായി ആരംഭിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന കോഡ്നാമത്തോടായിരുന്നു അവരുടെ പ്രതികരണം.
ഓപ്പറേഷന്റെ പേര് തനിക്ക് 'ഒരു വ്യക്തിപരമായ ബന്ധം തോന്നിപ്പിച്ചു' എന്ന് ഐഷാന്യ പറഞ്ഞു. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് വായിച്ച നിമിഷം ശുഭത്തിന്റെ ഫോട്ടോ നോക്കി ഞാന്‍ കരഞ്ഞു.
ആ പേരിനൊപ്പം സര്‍ക്കാര്‍ ഞങ്ങളുമായി (പഹല്‍ഗാം ആക്രമണത്തില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട സ്ത്രീകള്‍) ബന്ധപ്പെട്ടിരിക്കുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് ഞങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരമായിരുന്നുവെന്ന് ഞങ്ങള്‍ കരുതുന്നു, കൂട്ടക്കൊലയോടുള്ള ഇന്ത്യയുടെ പ്രതികരണത്തില്‍ താന്‍ വളരെ സംതൃപ്തയാണെന്നും അവര്‍ പറഞ്ഞു.