ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരെ ഉയരുന്ന വ്യാജബോംബ് ഭീഷണി അവസാനിക്കുന്നില്ല. ചൊവ്വാഴ്ച മാത്രം നൂറിലധികം വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ 510-ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് സമാനമായ വ്യാജ ഭീഷണികൾ നേരിട്ടു.
വ്യോമയാന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന ഇത്തരം ഭീഷണികള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വരുന്നത്. എയര്‍ ഇന്ത്യ-36, ഇന്‍ഡിഗോ-35, വിസ്താര-32 എന്നിങ്ങനെയാണ് ഓരോ വിമാനക്കമ്പനികള്‍ക്കും ലഭിച്ച ബോംബ് ഭീഷണിയെന്ന് പിടിഎ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് വിമാനക്കമ്പനികൾക്ക് അവരുടെ എക്‌സ് അക്കൗണ്ടുകളിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അജ്ഞാതനായ ഒരാൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
വിമാനക്കമ്പനികൾക്ക് നേരെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ മുംബൈ പൊലീസ് 14 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനക്കമ്പനികൾക്ക് രണ്ട് ബോംബ് ഭീഷണികൾ അയച്ചതിന് ഉത്തം നഗറിൽ നിന്നുള്ള 25 കാരനെ ഡൽഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.