/sathyam/media/media_files/2026/02/15/owisi-2026-02-15-11-56-52.jpg)
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സഹാരണ്‍പൂര്‍ എംപി ഇമ്രാന്‍ മസൂദും തമ്മിലുള്ള സംഭാഷണത്തിന്റെ വൈറല്‍ വീഡിയോ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു.
ഹൈദരാബാദിനെക്കുറിച്ചും അവിടുത്തെ 'പ്രശ്‌നങ്ങളെക്കുറിച്ചും' ഖാര്‍ഗെ നടത്തുന്ന പരാമര്‍ശങ്ങള്‍ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ ഉദ്ദേശിച്ചാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
പാര്‍ലമെന്റ് വളപ്പില്‍ വെച്ച് നടന്ന സംഭാഷണത്തില്‍, മറ്റൊരു നേതാവിനെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ ഖാര്‍ഗെ ഇപ്രകാരം പറയുന്നത് കേള്‍ക്കാം:
'അവനെ വരാന്‍ അനുവദിക്കരുത്. അവന്‍ വന്നാല്‍ അവന്‍ തകരില്ല, കാരണം അവന്റേത് ഒരു ദേശീയ പാര്‍ട്ടിയല്ല. പക്ഷേ അവന്‍ നമ്മളെ ഇല്ലാതാക്കും. ഹൈദരാബാദില്‍ മൂന്ന് കാര്യങ്ങളാണ് പ്രസിദ്ധം - ഷേര്‍വാണി, ബിരിയാണി, പിന്നെ ഒരു പ്രശ്‌നവും (പരേശാനി).'
ഖാര്‍ഗെ 'പ്രശ്‌നം' എന്ന് വിശേഷിപ്പിച്ചത് ഒവൈസിയെ ആണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നതോടെ എഐഎംഐഎം മറുപടിയുമായി രംഗത്തെത്തി.
'ഞങ്ങളുടെ നേതൃത്വം ഇല്ലാതാകില്ല. എന്നാല്‍ മുസ്ലീങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടികളുടെ കടകള്‍ പൂട്ടിപ്പോകും. എന്തായാലും നിങ്ങളുടെ ഈ പേടി കണ്ടതില്‍ സന്തോഷമുണ്ടെന്ന് എഐഎംഐഎം ഡല്‍ഹി അധ്യക്ഷന്‍ ഡോ. ഷോയിബ് ജാമൈ എക്‌സില്‍ കുറിച്ചു.
വിവാദം കൊഴുത്തതോടെ ഇമ്രാന്‍ മസൂദ് എംപി വിശദീകരണവുമായി രംഗത്തെത്തി. ഖാര്‍ഗെ തമാശരൂപേണ പറഞ്ഞ കാര്യങ്ങളെ ആളുകള്‍ വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖാര്‍ഗെ എപ്പോഴും തമാശകള്‍ പറയുന്ന വ്യക്തിയാണെന്നും അതിനെ ഗൗരവമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹൈദരാബാദിനെ അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ബിരിയാണി ലോകപ്രശസ്തമാണെന്നും അവിടുത്തെ ജനങ്ങള്‍ ആരെയും ഉപദ്രവിക്കുന്നവരല്ലെന്നും ബിജെപി വക്താവ് എന്‍.വി സുഭാഷ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹൈദരാബാദുകാരെ വിശ്വസിക്കരുത് എന്ന് പറയുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us