/sathyam/media/media_files/2026/02/25/padma-viswanathan-2026-02-25-10-05-23.jpg)
ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രശസ്തമായ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ 'ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് 2026'-ന്റെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ വംശജയായ എഴുത്തുകാരി പത്മ വിശ്വനാഥന്‍.
ബ്രസീലിയന്‍ എഴുത്തുകാരി അന പോള മായ പോര്‍ച്ചുഗീസ് ഭാഷയില്‍ രചിച്ച 'ഓണ്‍ എര്‍ത്ത് ആസ് ഇറ്റ് ഈസ് ബിനീത്' എന്ന നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ് പത്മ വിശ്വനാഥന് ഈ നേട്ടം കൈവന്നത്.
50,000 പൗണ്ട് (ഏകദേശം 52 ലക്ഷത്തിലധികം രൂപ) സമ്മാനത്തുകയുള്ള ഈ പുരസ്‌കാരം നോവലിന്റെ രചയിതാവിനും വിവര്‍ത്തകനുമായി തുല്യമായി വീതിച്ചു നല്‍കുന്നതാണ്. ലോകമെമ്പാടുമുള്ള 128 പുസ്തകങ്ങളില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ട 13 പുസ്തകങ്ങളില്‍ പത്മയുടെ വിവര്‍ത്തനവും ഉള്‍പ്പെട്ടത്.
അധികാരത്തിന്റെയും അഴിമതിയുടെയും ക്രൂരമായ മുഖങ്ങളെ വരച്ചുകാട്ടുന്ന വിസ്മയിപ്പിക്കുന്ന കൃതി എന്നാണ് വിധികര്‍ത്താക്കള്‍ പത്മ വിശ്വനാഥന്‍ തര്‍ജ്ജിമ ചെയ്ത ഈ നോവലിനെ വിശേഷിപ്പിച്ചത്. 58 വയസ്സുകാരിയായ പത്മ വിശ്വനാഥന്‍ നിലവില്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് അര്‍ക്കന്‍സാസില്‍ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ്.
13 പുസ്തകങ്ങളുടെ ഈ പട്ടിക ചുരുക്കി ആറ് പുസ്തകങ്ങളുടെ ഫൈനല്‍ പട്ടിക മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും. 2026 മെയ് 19-ന് ലണ്ടനിലെ ടേറ്റ് മോഡേണില്‍ നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും.
കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖും വിവര്‍ത്തക ദീപ ഭസ്തിയും ചേര്‍ന്നായിരുന്നു 2025-ലെ ബുക്കര്‍ പുരസ്‌കാരം നേടിയത്.
ജര്‍മ്മന്‍, സ്പാനിഷ്, ഡച്ച്, ഫ്രഞ്ച്, സ്വീഡിഷ്, പേര്‍ഷ്യന്‍ തുടങ്ങി വിവിധ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മികച്ച കൃതികളോടാണ് പത്മ വിശ്വനാഥന്‍ മത്സരിക്കുന്നത്. യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന മികച്ച വിവര്‍ത്തന കൃതികള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ പ്രൈസ് നല്‍കുന്നത്.
പത്മ വിശ്വനാഥന്റെ ഈ നേട്ടം ആഗോള സാഹിത്യ രംഗത്ത് ഇന്ത്യന്‍ വംശജരായ എഴുത്തുകാര്‍ക്കും വിവര്‍ത്തകര്‍ക്കും ലഭിക്കുന്ന വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us