ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷം പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു.
ഇന്ത്യയിലെ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിനോട് അഭ്യര്‍ത്ഥിച്ചു. അഭ്യര്‍ത്ഥന പാലിച്ചുകൊണ്ട് അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്തല്‍, പ്രധാന അതിര്‍ത്തി പാതകള്‍ അടച്ചുപൂട്ടല്‍, സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, ന്യൂഡല്‍ഹിയിലെ ഹൈക്കമ്മീഷനില്‍ നിന്ന് പാകിസ്ഥാന്‍ സൈനിക അറ്റാച്ചുമാരെ പുറത്താക്കല്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനെതിരെ നിരവധി നയതന്ത്രപരവും തന്ത്രപരവുമായ പ്രത്യാക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കം.
ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ തിരിച്ചടിയായി സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ വിലക്കേര്‍പ്പെടുത്തി.
മുമ്പ് നല്‍കിയ എല്ലാ വിസകളും അസാധുവായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിലവിലുള്ളവരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചു