ഡല്‍ഹി: ജമ്മുവില്‍ നിന്നും വൈഷ്‌ണോദേവിയിലേക്ക് പോകുകയായിരുന്ന 10 തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തയ്യിബയാണെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് വീണിരുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം നടന്നത്.
ഞായറാഴ്ച വൈകുന്നേരം ലഷ്‌കര്‍ ഇ ടിയുടെ ഫ്രണ്ട് ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബോധപൂര്‍വമാണ് റിയാസിയില്‍ ആക്രമണം നടത്തിയതെന്നും ജമ്മു മേഖലയിലെ രജൗരി-പൂഞ്ച് വനങ്ങളില്‍ മൂന്നോ രണ്ടോ സംഘങ്ങളായി നീങ്ങുന്ന 12 ഓളം ജിഹാദികളാണ് അക്രമികളെന്നും പൊലീസ് അറിയിച്ചു. ഈ ഭീകരസംഘത്തില്‍ നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള നിരവധി പാകിസ്ഥാന്‍ പൗരന്മാരും ഉള്‍പ്പെടുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൂഞ്ച്-രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ജിഹാദികളും തമ്മില്‍ നിരവധി വെടിവയ്പുകള്‍ നടന്നിട്ടുണ്ട്. ജൂണ്‍ 29 മുതല്‍ അമര്‍നാഥ് യാത്ര ആരംഭിക്കാനിരിക്കെ മോദി സര്‍ക്കാര്‍ റിയാസി ആക്രമണത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.