യുണൈറ്റഡ് നേഷന്‍സ്: ലോകമെമ്പാടുമുള്ള ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ വിരലടയാളം ഉണ്ടെന്നും ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരത അനന്തരഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിയണമെന്നും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ. പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യ നടത്തിയത്.
യുഎന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിന്റെ പൊതു സംവാദത്തില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ചതിന് മറുപടിയായാണ് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ പ്രതികരിച്ചത്.
തീവ്രവാദം, മയക്കുമരുന്ന് വ്യാപാരം, അന്തര്‍ദേശീയ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ആഗോള പ്രശസ്തി നേടിയിട്ടുള്ള പാകിസ്ഥാന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആക്രമിക്കാനുള്ള ധൈര്യമുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ ഫസ്റ്റ് സെക്രട്ടറി ഭാവിക മംഗളാനന്ദന്‍ പറഞ്ഞു.
ലോകത്തിന് അറിയാവുന്നതുപോലെ അതിര്‍ത്തി കടന്നുള്ള ഭീകരതയെ അയല്‍രാജ്യങ്ങള്‍ക്കെതിരായ ആയുധമായി പാകിസ്ഥാന്‍ പണ്ടേ പ്രയോഗിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തെയും പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകള്‍ നടത്തിയ 26/11 മുംബൈ ഭീകരാക്രമണത്തെയും പരാമര്‍ശിച്ച് ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.