മുംബൈ: മുംബൈ പോലീസെന്ന വ്യാജേന വീഡിയോ കോൾ ചെയ്ത് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിപ്പ് കർണാടക സ്വദേശി അറസ്റ്റിൽ. കർണാടക ബീദ൪ സ്വദേശി സച്ചിനെ(29) യാണ് പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
1,35,5000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 55 ലക്ഷ രൂപ ചെന്നെത്തിയ വ്യാജ വ്യാപാര സ്ഥാപനത്തിൻറെ പേരിലുണ്ടാക്കിയ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തത് സൈബർ തട്ടിപ്പ് ശൃംഖലയിലെ പ്രധാന പ്രതിയായ സച്ചിനാണെന്നും കണ്ടെത്തി. ടെലികോം അധികൃതരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടത്.
മുബൈ പൊലീസ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരാതിക്കാരന്റെ മൊബൈൽ നമ്പർ, ആധാർകാർഡ് തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചു. ശേഷം പൊലീസ് വേഷം ധരിച്ച് വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ട് മുംബൈ പോലീസ് ഇൻസ്പെക്ടർ ആണെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കേന്ദ്ര ഗവ. റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്നും 1,35,5000 രൂപയാണ് തട്ടിയെടുത്തത്.
പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലരക്കോടിയിലേറെ രൂപ വന്നു പോയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബാക്കിയുള്ള വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് അറിയിച്ചു.