"ഞങ്ങളേക്കാൾ നന്നായി കാര്യങ്ങൾ ചെയ്തു കാണിക്കൂ, എന്നിട്ട് ഉപദേശിക്കാം"; കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് തമിഴ്‌നാട് ഐടി മന്ത്രി

തമിഴ്നാടിന്റെ നിലപാടുകള്‍ മാറ്റണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍, നിലവിലുള്ളതിനേക്കാള്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ച് കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

New Update
Untitled

ചെന്നൈ: തമിഴ്നാടിന്റെ ഭാഷാ നയത്തിലും വിദ്യാഭ്യാസ രീതികളിലും ഇടപെടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വെല്ലുവിളിച്ച് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍.

Advertisment

തമിഴ്നാടിന്റെ നിലപാടുകള്‍ മാറ്റണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍, നിലവിലുള്ളതിനേക്കാള്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ച് കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


'ഞങ്ങള്‍ ഹിന്ദി ഭാഷയ്ക്ക് എതിരല്ല, മറിച്ച് അത് അടിച്ചേല്‍പ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. സ്വന്തം പണം ചിലവാക്കി നടത്തുന്ന ഞങ്ങളുടെ കോളേജുകളില്‍, ഞങ്ങളുടെ മക്കള്‍ക്ക് ഏത് പരീക്ഷ എഴുതണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്,' പി.ടി.ആര്‍ പറഞ്ഞു.


കേന്ദ്രത്തിന്റെ ത്രിഭാഷാ പദ്ധതിയെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഹിന്ദി ബെല്‍റ്റിലുള്ളവര്‍ക്ക് ഫലത്തില്‍ ഒരു ഭാഷ പഠിച്ചാല്‍ മതിയാകുമ്പോള്‍, തമിഴ്‌നാട്ടിലെ കുട്ടികള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമുള്ള സംസ്ഥാനമാണ് തമിഴ്നാട്. അങ്ങനെയുള്ള ഞങ്ങളോട് തരംതാഴ്ന്ന മാതൃകകള്‍ സ്വീകരിക്കാന്‍ പറയാന്‍ കേന്ദ്രത്തിന് എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.


 'ഞങ്ങളുടെ രീതികള്‍ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണമെങ്കില്‍ പോലും, നിങ്ങള്‍ ഞങ്ങളേക്കാള്‍ മികച്ചതായി എന്തെങ്കിലും ചെയ്യണം. ഭരണത്തിലോ വികസനത്തിലോ നിങ്ങള്‍ ഞങ്ങളേക്കാള്‍ മികച്ചതായി എന്ത് ചെയ്തു എന്നാണ് ഞങ്ങള്‍ നിങ്ങളെ കേള്‍ക്കേണ്ടത്?' - മന്ത്രി ആഞ്ഞടിച്ചു.


സംസ്ഥാനത്തിന്റെ ഇരുഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാണെന്നും അത് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നതിന്റെ സൂചനയാണ് പി.ടി.ആറിന്റെ ഈ വാക്കുകള്‍.

Advertisment