പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിൽ ദേശീയപാതാ അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ആംബുലന്‍സിന് പോലും കടന്നു പോകാന്‍ കഴിയാത്ത സാഹചര്യം. പാലിയേക്കര വഴി ഞാനും പോയിട്ടുണ്ട്, ഇത്രയും മോശം റോഡിൽ എങ്ങനെ ടോൾ പിരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

New Update
paliyekkara sc

ഡൽഹി: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിലും റോഡിന്റെ ശോച്യാവസ്ഥയിലും ദേശീയ പാതാ അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. 

Advertisment

ആംബുലന്‍സിന് പോലും കടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണ്. എസ്‌കോര്‍ട്ട് അകമ്പടി ഉണ്ടായിട്ടും ഒരിക്കല്‍ ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ താനും കുടുങ്ങിയെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് വിമര്‍ശിച്ചു.


പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. 


ഹൈക്കോടതി നിര്‍ദേശിച്ചത്പ്രകാരം ആദ്യം റോഡുകള്‍ നന്നാക്കി, ഗതാഗത കുരുക്ക് പരിഹരിക്കൂ. എന്നിട്ടാകാം അപ്പീലുമായി എത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

താനും ഒരിക്കല്‍ ടോള്‍ പ്ലാസയിലൂടെ യാത്ര ചെയ്തപ്പോള്‍ ഗതാഗതക്കുരുക്ക് നേരിട്ട് അനുഭവിച്ചയാളാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തനിക്ക് എസ്‌കോര്‍ട്ട് വാഹനം ഉണ്ടായിട്ടും ഗതാഗതക്കുരുക്കില്‍പ്പെട്ടു. 

paliyekkara toll

മലയാളി കൂടിയായ തന്റെ സഹ ജഡ്ജി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഇക്കാര്യം നേരിട്ട് അറിവുണ്ടെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ജനങ്ങള്‍ ടോള്‍ നല്‍കിയിട്ടും ദേശീയപാതാ അതോറിറ്റി സേവനം നല്‍കുന്നില്ലല്ലോയെന്ന് സുപ്രീം കോടതി ചോദിച്ചു. 

ആസൂത്രണഘട്ടത്തില്‍ അവിടെ അണ്ടര്‍പാസുകളോ ഫ്‌ലൈഓവറോ നിര്‍മ്മിക്കണമായിരുന്നുവെന്നും റോഡ് പൂര്‍ത്തിയാക്കുന്നതിന് മുമ്പാണോ ടോള്‍ പിരിവ് തുടങ്ങിയതെന്നും കോടതി ചോദിച്ചു. 

ദേശീയ പാതാ നിര്‍മ്മാണത്തിന് ശേഷമാണ് കവലകള്‍ വന്നതെന്നായിരുന്നു എസ്ജിയുടെ മറുപടി. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

Advertisment