പനാജി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് പരിപാടി എല്ലാ സർക്കാർ വകുപ്പുകളിലെ മേധാവികളും നിർബന്ധമായി കേൾക്കണമെന്ന് ഗോവ സർക്കാർ.
മൻ കി ബാത്തിലെ നല്ല നിർദേശങ്ങളും മികച്ച പ്രവർത്തനങ്ങളും നിരീക്ഷിക്കണമെന്നും ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സംസ്ഥാനത്തിന്റെ ഭരണത്തിലും സേവനത്തിലും നടപ്പിലാക്കണമെന്നും സർക്കുലറിൽ പറയുന്നു.
ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പിന്റെ അണ്ടർ സെക്രട്ടറിയായ ശ്രേയസ് ഡി സിൽവയാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തും മൻ കി ബാത്ത് കേൾക്കാൻ ഉദ്യോഗസ്ഥരോട് തന്റെ എക്‌സിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തുടനീളം മാറ്റങ്ങൾ കൊണ്ടുവന്ന് വിജയഗാഥകളിൽ നിന്ന് പ്രചോദനമുൾക്കൊള്ളാനും ഗോവയിലെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനും മൻ കി ബാത്ത് ഉപകാരപ്പെടുമെന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
സാധാരണ പൗരന്മാരുടെ ആശയങ്ങളും ചിന്തകളും നിരീക്ഷിക്കുന്നതിലും ദൈനംദിന സർക്കാർ സേവനങ്ങളിൽ ഇവ നടപ്പാക്കുന്നതിലും മൻ കി ബാത്ത് സഹായകമാവുമെന്ന് സർക്കുലറിൽ പറയുന്നു.