ഡല്‍ഹി: ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി 32 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളി പര്‍വേസ് ആലം എന്ന പണ്ഡിറ്റ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി.
രാജസ്ഥാനിലെ ഭരത്പൂരില്‍ കവര്‍ച്ചയും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാളെ പോലീസ് തിരയുകയായിരുന്നു. മൊറാദാബാദിലെ മൈനാഥര്‍ പോലീസ് സ്റ്റേഷനിലെ പ്രഖ്യാപിത കുറ്റവാളിയാണ് പര്‍വേസ്.
പര്‍വേസ് ആലം ടാക്‌സി ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും, അവരുടെ മൃതദേഹങ്ങള്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയും, ടാക്‌സികളും ഡ്രൈവര്‍മാരുടെ സാധനങ്ങളും കൊള്ളയടിക്കുകയും ചെയ്യാറുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കൊലപാതകങ്ങള്‍ കത്തി ഉപയോഗിച്ചും കഴുത്ത് ഞെരിച്ചും ആയിരുന്നു പ്രധാനമായും ചെയ്തിരുന്നത്.
2011-ല്‍, ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ ഒരു ടാക്‌സി ബുക്ക് ചെയ്ത് സുഫിയാന്‍, ആരിഫ് എന്നിവരോടൊപ്പം ഡ്രൈവറെ തട്ടിക്കൊണ്ടുപോയി. ഓടുന്ന കാറില്‍ ഡ്രൈവറെ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തി, പിന്നീട് മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു.
രാജസ്ഥാനിലെ ഭരത്പൂരിലും സമാന രീതിയില്‍ ടാക്‌സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ 9 വര്‍ഷമായി മൂന്ന് സംസ്ഥാനങ്ങളിലായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
ഒടുവില്‍, ജൂലൈ 8-ന് സാകേത് കോടതി സമുച്ചയത്തിന് സമീപം ഒരാളെ കാണാന്‍ പോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, എസിപി രാജ്പാല്‍ ദബാസും ഇന്‍സ്‌പെക്ടര്‍ അക്ഷയ് ഗെഹ്ലോട്ടും ചേര്‍ന്ന സംഘം പര്‍വേസിനെ അറസ്റ്റ് ചെയ്തു.
രാജസ്ഥാന്‍ പോലീസ് ഇയാളുടെ തലക്ക് 15,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ അല്ലാപൂര്‍ ഭിക്കാനില്‍ നിന്നുള്ളയാളാണ് പര്‍വേസ്. മയക്കുമരുന്ന് ഉപയോഗത്തില്‍ അടിമയാണെന്ന് പോലീസ് പറയുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി ബന്ധം സ്ഥാപിച്ചാണ് ആദ്യമായി കവര്‍ച്ച നടത്തിയത്. അതേ വര്‍ഷം തന്നെ സ്വന്തം ഗ്രാമത്തില്‍ ഒരു തര്‍ക്കത്തില്‍ ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ട്.