/sathyam/media/media_files/2025/10/17/vikas-2025-10-17-17-03-18.jpg)
മുംബൈ: പ്രസവവേദനയെടുത്ത് ട്രെയിനില്‍ കരഞ്ഞ യുവതിക്ക് രക്ഷകനായി യുവാവ്. 33 വയസുള്ള സിനിമാറ്റോഗ്രാഫറായ വികാസ് ബെന്ദ്രെയാണ് തൻ്റെ ഡോക്ടറായ സുഹൃത്ത് വീഡിയോ കോളിലൂടെ നൽകിയ മാർഗ്ഗനിർദേശത്തിൻ്റെ സഹായത്തോടെ ട്രെയിനിനുള്ളിൽ തന്നെ കുഞ്ഞിന് ജന്മം നൽകാൻ യുവതിയെ സഹായിച്ചത്.
ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. ബിവൈഎൽ നായർ ആശുപത്രിയിലേക്ക് പോകാൻ ട്രെയിനില്‍ യാത്ര ചെയ്യവേയാണ് വീരാർ സ്വദേശി അംബികാ ഝായ്ക്ക് പ്രസവവേദനയെടുക്കുന്നത്. ട്രെയിൻ ഗോറേഗാവ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിനു തൊട്ടുപിന്നാലെ യുവതിക്ക് ശക്തമായ വേദന അനുഭവപ്പെടുകയായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ ട്രെയിനിൻ്റെ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. തുടർന്ന് റാം മന്ദിര്‍ റെയില്‍വേ സ്റ്റേഷനിലാണ് യുവതിയുടെ പ്രസവം നടന്നത്.
അതേ ബോഗിയിൽ യാത്ര ചെയ്തുകൊണ്ടിരുന്ന വികാസ് ബെന്ദ്രെ ഉടൻ തന്നെ യുവതിക്ക് സഹായകരങ്ങളുമായി എത്തുകയായിരുന്നു. താൻ അന്ധേരിയിൽ നിന്ന് എയർപോർട്ടിലേക്ക് പോകുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. മെഡിക്കൽ സഹായം നല്‍കാൻ വിദ്ഗ്ധരായ ആരും തന്നെ ട്രെയിനില്‍ ഇല്ലാത്തതിനാൽ സുഹൃത്തായ ഡോ. ദിവ്യാ ദേശ്മുഖിനെ വിളിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. വീഡിയോ കോളിലൂടെ മാർഗ്ഗനിർദേശങ്ങൾ ലഭിച്ചുവെന്ന് വികാസ് പറഞ്ഞു.
വികാസിൻ്റെ സഹായത്തോടെ പുലർച്ചെ 12.15ന് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പിന്നീട് സ്റ്റേഷനിൽ നിന്നുള്ള ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ദൃക്‌സാക്ഷിയായ മൻജീത് ദില്ലൻ എന്നയാള്‍ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇക്കാര്യം വൈറലായത്.