ബിഹാര്‍ തെരഞ്ഞെടുപ്പ്. എസ്‌ഐആറിന് ശേഷം അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്ന് വോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

New Update
voters list

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര പരിഷ്‌കരണത്തിനു(എസ് ഐ ആര്‍) ശേഷമുള്ള പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. 

Advertisment

ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്ന് വോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതുതായി എത്ര പേരെ ഉള്‍പ്പെടുത്തി, എത്ര പേരെ നീക്കം ചെയ്തു എന്നിവയടക്കമുള്ള കണക്കുകള്‍ പുറത്തുവരാനുണ്ട്. 

2025 ജൂണിലാണ് ബിഹാറില്‍ എസ് ഐ ആര്‍ നടപടികള്‍ ആരംഭിച്ചത്. 7.89 കോടിയിലധികം വോട്ടര്‍മാരോട് ഫോമുകള്‍ വീണ്ടും പൂരിപ്പിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. 

തുടര്‍ന്ന് കരട് വോട്ടര്‍ പട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുകയും സെപ്റ്റംബര്‍ ഒന്നുവരെ വ്യക്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. 

കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. ഏകദേശം 65 ലക്ഷത്തോളം പേരുകള്‍ ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവരോ വിലാസം മാറിയവരോ ആയ വോട്ടര്‍മാരുടെ പേരുകളാണ് നീക്കം ചെയ്തവയില്‍ കൂടുതലും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ 4, 5 തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment