പറ്റ്ന: ബിഹാറിലെ ഗയയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ ചികിത്സിച്ച ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചു.
ആളുകൾ നോക്കിനിൽക്കെയാണ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ചത്.
ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഡോ. ജിതേന്ദ്ര യാദവിനെയാണ് മര്‍ദിച്ചത്.
ഗുർപ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുരാങ് ഗ്രാമത്തിലാണ് ജിതേന്ദ്ര യാദവ് താമസിക്കുന്നത്.
കൂട്ട ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ അമ്മയെ ചികിത്സിച്ചതിനാണ് ഒരു കൂട്ടം ഗ്രാമവാസികൾ ഡോക്ടറെ ലക്ഷ്യമിട്ടതെന്ന് കുടുംബം ആരോപിച്ചു.
ഡോക്ടറെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട ശേഷം ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ച് രക്തത്തിൽ കുളിക്കുന്നതുവരെ മര്‍ദിച്ചുവെന്ന് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.
ഡോക്ടര്‍ തന്നെ ചികിത്സിക്കാൻ വീട്ടിൽ വന്നിരുന്നുവെന്ന് അതിജീവിതയുടെ അമ്മ വ്യക്തമാക്കി. "2021ൽ ചിലർ എന്‍റെ മകളെ ബലാത്സംഗം ചെയ്തു. ഞങ്ങൾ എല്ലാ പ്രതികളുടെയും പേര് നൽകി ഫത്തേപൂർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു.
മെയ് 30 ന് ഞങ്ങൾ കോടതിയിൽ മൊഴി നൽകി, ഒരാൾ അറസ്റ്റിലായി, മറ്റുള്ളവർ ഒളിവിലാണ്. ഇതിൽ പ്രകോപിതരായ അവരുടെ കുടുംബങ്ങൾ ഞങ്ങളെ ആക്രമിച്ചു'' അവര്‍ കൂട്ടിച്ചേര്‍ത്തു.