ഡല്‍ഹി: അമിത വേഗതയിലെത്തിയ മഹീന്ദ്ര ഥാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. അതിസുരക്ഷാ മേഖലയായ ചാണക്യപുരിയില്‍ രാഷ്ട്രപതി ഭവന സമീപത്താണ് അപകടം.
ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു.
രാഷ്ട്രപതി ഭവനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെ 11 മൂര്‍ത്തി പ്രദേശത്തിന് സമീപമുള്ള ഒരു ഉയര്‍ന്ന സുരക്ഷാ മേഖലയിലാണ് സംഭവം നടന്നത്. ചാണക്യപുരി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി 26 കാരനായ താര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
റോഡിലൂടെ നടന്നു പോകുമ്പോള്‍ അമിതവേഗതയില്‍ വന്ന താര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. മൃതദേഹം മണിക്കൂറുകളോളം റോഡില്‍ കിടന്ന ശേഷമാണ് മാറ്റിയതെന്നും വിവരമുണ്ട്.