സീരിയൽ കില്ലറായ 'ലഡു ബാബ' പിടിയിൽ: ഡൽഹിയിലെ കാർ മരണങ്ങൾക്ക് പിന്നിൽ മന്ത്രവാദിയെന്ന് കണ്ടെത്തൽ; ആറ് കൊലപാതകങ്ങൾ ചുരുളഴിയുന്നു

തന്റെ പക്കല്‍ അത്ഭുത സിദ്ധികളുണ്ടെന്നും ജീവിതത്തിലെ പ്രയാസങ്ങള്‍ മന്ത്രവാദം വഴി മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് കമറുദ്ദീന്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

New Update
Untitled

ഡല്‍ഹി: പീരഗഡിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വയം പ്രഖ്യാപിത മന്ത്രവാദി അറസ്റ്റില്‍.

Advertisment

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ കമറുദ്ദീന്‍ എന്ന 'ബാബ'യാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. മന്ത്രവാദത്തിന്റെ പേരില്‍ വിഷം കലര്‍ത്തിയ ലഡു നല്‍കി ആളുകളെ കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.


പീരഗഡി ഫ്‌ലൈ ഓവറിന് സമീപം കാറിനുള്ളില്‍ രണ്‍ധീര്‍ (76), നരേഷ് സിംഗ് (47), ലക്ഷ്മി ദേവി (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രവാദ പൂജകള്‍ക്കായി ഇവരോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന കമറുദ്ദീന്‍, വിഷം ചേര്‍ത്ത ലഡു ഇവര്‍ക്ക് നല്‍കുകയായിരുന്നു. ഇത് കഴിച്ച ഉടനെ മൂവരും മരണപ്പെട്ടു.


ഡല്‍ഹിയിലെ മൂന്ന് കൊലപാതകങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ രണ്ടും, രാജസ്ഥാനിലെ ധോല്‍പൂരില്‍ ഒന്നും കൊലപാതകങ്ങള്‍ ഇയാള്‍ സമാനമായ രീതിയില്‍ നടത്തിയതായി പോലീസ് കണ്ടെത്തി. ഇതോടെ ഇയാള്‍ നടത്തിയ ആകെ കൊലപാതകങ്ങളുടെ എണ്ണം ആറായി.

തന്റെ പക്കല്‍ അത്ഭുത സിദ്ധികളുണ്ടെന്നും ജീവിതത്തിലെ പ്രയാസങ്ങള്‍ മന്ത്രവാദം വഴി മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് കമറുദ്ദീന്‍ ഇരകളെ കണ്ടെത്തിയിരുന്നത്. പൂജയുടെ ഭാഗമാണെന്ന് പറഞ്ഞ് ലഡുവും മറ്റ് മധുരപലഹാരങ്ങളും ഇയാള്‍ ഇരകള്‍ക്ക് നല്‍കും. ഇതില്‍ മാരകമായ വിഷം കലര്‍ത്തിയിട്ടുണ്ടാകും.


ഫിറോസാബാദിലെ ഒരു കൊലപാതക സ്ഥലത്തുനിന്ന് പൂജയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും ലഡുവിന്റെ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം.


പ്രതിക്ക് മറ്റ് സംസ്ഥാനങ്ങളിലും ഇരകളുണ്ടോ എന്ന് കണ്ടെത്താന്‍ ഡല്‍ഹി പോലീസ് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ പോലീസുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.

Advertisment