മുൻ കരസേനാ മേധാവിയുടെ പുസ്തകം പുറത്തിറക്കിയിട്ടില്ല; പിഡിഎഫ് പ്രചരിക്കുന്നതിൽ വിശദീകരണവുമായി പെൻഗ്വിൻ

പുസ്തകത്തിന്റെ കരട് രൂപം ചോര്‍ന്നതിനെക്കുറിച്ച് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ.

Advertisment

 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകം അച്ചടി രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ ഇതുവരെ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രസാധകര്‍ വ്യക്തമാക്കി.


പുസ്തകത്തിന്റെ അനധികൃത കോപ്പികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് പെന്‍ഗ്വിന്റെ പ്രതികരണം.


പുസ്തകത്തിന്റെ പ്രസിദ്ധീകരണ അവകാശം തങ്ങള്‍ക്കാണെങ്കിലും, അധികാരികളില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനാല്‍ പുസ്തകം പുറത്തിറക്കിയിട്ടില്ല.

നിലവില്‍ ഇന്റര്‍നെറ്റിലും പിഡിഎഫ് രൂപത്തിലും പ്രചരിക്കുന്നത് പുസ്തകത്തിന്റെ വ്യാജ പതിപ്പുകളാണ്. ഇത് പകര്‍പ്പവകാശ ലംഘനമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പെന്‍ഗ്വിന്‍ മുന്നറിയിപ്പ് നല്‍കി.

പുസ്തകത്തിന്റെ കരട് രൂപം ചോര്‍ന്നതിനെക്കുറിച്ച് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഈ പുസ്തകത്തിന്റെ കോപ്പിയെന്ന് തോന്നിപ്പിക്കുന്ന ഒന്ന് ഉയര്‍ത്തിക്കാട്ടിയതോടെയാണ് വിവാദം രാഷ്ട്രീയ തലത്തിലേക്ക് നീങ്ങിയത്. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ എട്ട് എംപിമാരെ ബജറ്റ് സമ്മേളനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇങ്ങനെയൊരു പുസ്തകം നിലവിലില്ലെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞത്. സൈനിക ഉദ്യോഗസ്ഥര്‍ ഔദ്യോഗിക രഹസ്യങ്ങള്‍ അടങ്ങിയേക്കാവുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം എന്ന ചട്ടം നിലവിലുണ്ട്.

Advertisment