ഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില്‍പനയില്‍ പമ്പ് ഉടമകള്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് വില്‍പന കമ്മീഷന്‍ കൂട്ടിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിതരണ കമ്പനികള്‍ സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് വെട്ടിക്കുറച്ചതോടെ ചില ഇടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ 4.5 രൂപ വരെ കുറയാന്‍ ഇടയാക്കും.
പെട്രോളിന്റെയും ഡീസലിന്റെയും വിപണിവിലയില്‍ (റീറ്റെയ്ല്‍ സെല്ലിങ് പ്രൈസ്) പ്രതിഫലിക്കാത്ത വിധമാണ് ഡീലര്‍ കമ്മിഷന്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, ചരക്കുനീക്ക ഫീസിലുണ്ടായ പരിഷ്‌കാരം ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു.
തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 107.56 രൂപയായിരുന്നത് 107.48 രൂപയായി കുറഞ്ഞു. അതേസമയം, ഡീസല്‍ വില 96.43 രൂപയില്‍ നിന്ന് 96.48 രൂപയായി ഉയര്‍ന്നു.
രാജ്യത്തെ ഉള്‍പ്രദേശങ്ങളിലേക്കുള്ള ചരക്കുനീക്ക ഫീസ് കുറച്ചത് കൂടുതല്‍ നേട്ടമാകുന്നത് ഒഡീഷ, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, മിസോറം, മറ്റ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്കാണ്. ഒഡിഷയില്‍ പെട്രോളിന് 4.69 രൂപവരെയും ഡീസലിന് 4.45 രൂപവരെയും കുറഞ്ഞു.