എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. അയ്യപ്പന്റെ മാതൃ സ്ഥാനീയരായ അമ്പലപ്പുഴ സംഘം ആണ് ആദ്യ പേട്ടതുള്ളല്‍ നടത്തുക. രാവിലെ 11 ഓടെ കൊച്ചമ്പലത്തില്‍ പൂജകള്‍ നടത്തി സംഘം പ്രാര്‍ഥനയോടെ അയ്യപ്പനെ സ്തുതിക്കുമ്പോള്‍ പേട്ടതുള്ളല്‍ നടത്താന്‍ അനുമതിയായി കൃഷ്ണപ്പരുന്ത് പറന്നെത്തുമെന്നാണു വിശ്വാസം.
അമ്പലപ്പുഴയിലെ ഏഴു കരകളില്‍ നിന്നുള്ള ഭക്ത സംഘം ആണു പേട്ടതുള്ളല്‍ നടത്തുക. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും എത്തിച്ച പൂജിച്ച തിടമ്പുമായി ഗജരാജന്‍ തൃക്കടവൂര്‍ ശിവരാജു ഉള്‍പ്പടെ മൂന്ന് ആനകളെ എഴുന്നള്ളിച്ച് കൊച്ചമ്പലത്തില്‍ നിന്നും മുസ്ലിം പള്ളിയില്‍ സംഘം പ്രവേശിക്കുമ്പോള്‍ ജമാഅത്ത് അംഗങ്ങള്‍ പൂക്കള്‍ വിതറിയും ഷാള്‍ അണിയിച്ചും സ്വീകരിക്കും.
വാവരുടെ പ്രതിനിധിയെ ചേര്‍ത്തു പള്ളിയെ വലം വെച്ച് തിരികെ ഇറങ്ങി പേട്ടതുള്ളല്‍ വലിയമ്പലത്തില്‍ സമാപിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും
നട്ടുച്ചയ്ക്ക് ആകാശത്ത് നക്ഷത്രം തിളങ്ങുന്നതാണ് അയ്യപ്പന്റെ പിതൃ സ്ഥാനീയരായി കണക്കാക്കുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലിന് അനുമതി ആകുന്നത്.
അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുടെ പ്രതിനിധി പോയതിനാല്‍ വാവര് പള്ളിയില്‍ കയറില്ലെങ്കിലും ആലങ്ങാട്ട് സംഘം പള്ളിയുടെ മുന്നില്‍ നിന്ന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.
മുല്ലപ്പൂക്കള്‍ വാരി വിതറി ആണ് സംഘത്തെ ജമാഅത്ത് വരവേല്‍ക്കുക. വലിയമ്പലത്തില്‍ സമാപിക്കുന്ന പേട്ടതുള്ളലിനെ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളുടെ പ്രതിനിധികളും ചേര്‍ന്നു സ്വീകരിക്കുന്നതോടെ പേട്ടതുള്ളല്‍ ആചാരങ്ങള്‍ക്കു പൂര്‍ണതയാകും
പേട്ടതുള്ളല്‍ മുന്‍നിര്‍ത്തി എരുമേലിയില്‍ പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രാവിലെ മുതല്‍ ടൗണ്‍ റോഡ് വാഹനമുക്തമാക്കും. സമാന്തര പാതകള്‍ വഴി വാഹനങ്ങള്‍ ടൗണ്‍ ഒഴിവാക്കി സഞ്ചരിക്കണമെന്നു പോലിസ് അറിയിച്ചു.
ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഉള്‍പ്പടെ രണ്ട് ഡിവൈ.എസ്.പി മാര്‍, നാല് എസ്.എച്ച്.ഒമാര്‍, ഏഴ് എസ്.ഐമാര്‍ അടക്കം 600 ഓളം പോലിസ് ടൗണ്‍ ഉള്‍പ്പടെ തീര്‍ത്ഥാടന മേഖലയില്‍ സേവനത്തിനുണ്ടാകും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സുകളും മൊബൈല്‍ മെഡിക്കല്‍ എയ്ഡ് യുണിറ്റും ടൗണില്‍ ക്യാമ്പ് ചെയ്യും. മയക്കുവെടി വിദഗ്ദ്ധനും എലിഫന്റ് സ്‌ക്വാഡും ഫയര്‍ ഫോഴ്സ് യൂണിറ്റും സേവനത്തിന് സജ്ജമാക്കിയിട്ടുണ്ട്.