ജിന്ദ്: ബ്രിജ് ഭൂഷണ്‍ എന്നാല്‍ രാജ്യമല്ലെന്ന് ഗുസ്തിതാരം വിനേഷ് ഫോഗട്ട്. തന്റെ രാജ്യം തനിക്കൊപ്പമുണ്ടാകുമെന്നും തന്റെ പ്രിയപ്പെട്ടവര്‍ തനിക്കൊപ്പമുണ്ടെന്നും വിനേഷ് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ തന്നെ സംബന്ധിച്ചിടത്തോളം യാതൊരു പ്രാധാന്യവുമില്ലാത്ത വ്യക്തിയാണെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. തന്നോടൊപ്പം നില്‍ക്കുന്ന ജനങ്ങളുടെ അനുഗ്രഹത്തോടെ ഈ പോരാട്ടം താന്‍ വിജയിക്കുമെന്നും ഫോഗട്ട് പറഞ്ഞു.
വിനേഷിന്റെ രാഷ്ട്രീയ പ്രവേശനത്തോടെ തനിക്കെതിരെ വനിത ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് വ്യക്തമായിരിക്കുന്നതെന്ന ബ്രിജ് ഭൂഷണിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു വിനേഷ് ഫോഗട്ട്.
കോണ്‍ഗ്രസ് ടിക്കറ്റ് ലഭിച്ചതിന് പിന്നാലെ വിനേഷ് ജിന്ദ് ജില്ലയിലെ ജുലാന നിയമസഭ മണ്ഡലത്തിലെത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഖാപ് പഞ്ചായത്തും നാട്ടുകാരും ഊഷ്മള സ്വീകരണമാണ് മുപ്പതുകാരിയായ വിനേഷിന് ഒരുക്കിയത്.