/sathyam/media/media_files/IAKuxPohMXBMcVaglovz.jpg)
ന്യൂഡൽഹി: ഫിസിയോതെറാപ്പിസ്റ്റുകൾ മെഡിക്കൽ ഡോക്ടർമാരല്ലാത്തതിനാൽ 'ഡോക്ടർ' എന്ന പ്രിഫിക്സ് ഉപയോഗിക്കരുതെന്ന നിർദ്ദേശം പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്. 'ഡോ.' എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്നതിലൂടെ ഫിസിയോതെറാപ്പിസ്റ്റുകൾ 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി ആക്ടിന്റെ നിയമപരമായ ലംഘനമാകുമെന്ന് സെപ്റ്റംബർ 9-ന് ഡിജിഎച്ച്എസ് ഡോ. സുനിത ശർമ്മ എഴുതിയ കത്തിൽ പറയുന്നു.
"ഫിസിയോതെറാപ്പിസ്റ്റുകൾക്ക് മെഡിക്കൽ ഡോക്ടർമാരായി പരിശീലനം ലഭിച്ചിട്ടില്ല, അതിനാൽ 'ഡോക്ടർ' എന്ന പ്രിഫിക്സ് ഉപയോഗിക്കരുത്, കാരണം അത് രോഗികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു, ഇത് വ്യാജചികിത്സയിലേക്ക് നയിച്ചേക്കാം," ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ദിലീപ് ഭാനുശാലിയെ അഭിസംബോധന ചെയ്ത കത്തിൽ ഡോ. സുനിതാ ശർമ്മ പറഞ്ഞു.
മാത്രമല്ല, ഫിസിയോതെറാപ്പിസ്റ്റുകളെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കരുതെന്നും റഫർ ചെയ്ത രോഗികളെ മാത്രമേ ചികിത്സിക്കാവൂ എന്നും സുനിതാ ശർമ്മ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കാരണം അവർക്ക് മെഡിക്കൽ അവസ്ഥകൾ നിർണ്ണയിക്കാൻ പരിശീലനം ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പാട്ന, മദ്രാസ് ഹൈക്കോടതികൾ ഉൾപ്പെടെ വിവിധ കോടതികളും രാജ്യത്തെ മെഡിക്കൽ കൗൺസിലുകളും ഫിസിയോതെറാപ്പിസ്റ്റുകൾ/ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവർ 'ഡോക്ടർ' എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ഡോ സുനിതാ ശർമ്മ പറയുന്നു.
മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോപ്പതി, യുനാനി എന്നീ മേഖലകളിലെ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമേ 'ഡോക്ടർ' എന്ന പദവി ഉപയോഗിക്കാൻ പാടുള്ളൂ എന്ന് കൗൺസിലിന്റെ എത്തിക്സ് കമ്മിറ്റി (പാരാമെഡിക്കൽ ആൻഡ് ഫിസിയോതെറാപ്പി സെൻട്രൽ കൗൺസിൽ ബിൽ, 2007) നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.