മുംബൈ: എയര്‍ഇന്ത്യയില്‍ പൈലറ്റായ 25കാരി വാടക വീട്ടില്‍ മരിച്ച നിലയില്‍. തിങ്കളാഴ്ച രാവിലെ മുംബൈയിലെ അന്ധേരിയിലെ വാടക അപ്പാര്‍ട്ട്മെന്റിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള സൃഷ്ടി തുലിയാണ് മരിച്ചത്. ആത്മഹ്യയാണെന്നാണ് നിഗമനം.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് 27 കാരനായ കാമുകന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. ഒരു പരിപാടിയില്‍ നോണ്‍ വെജ് ഭക്ഷണം കഴിച്ചതിന് യുവാവ് യുവതിയെ അപമാനിച്ചതായി കുടുംബം ആരോപിച്ചു.
സൃഷ്ടി തുലിയെ കാമുകന്‍ ആദിത്യ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുഗ്രാമിലെ ഒരു പരിപാടിയില്‍ വച്ച് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചതിന് ആദിത്യ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് സൃഷ്ടിയെ അപമാനിച്ചതായി പോലീസ് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ആദിത്യ യുവതിയെ പാതിവഴിയില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി.
ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് സൃഷ്ടി തിരിച്ചെത്തിയപ്പോഴും വീട്ടിലുണ്ടായിരുന്ന ആദിത്യയുമായി വഴക്കിട്ടു. അതിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇയാള്‍ ഡല്‍ഹിയിലേക്ക് പോയി.
തുടര്‍ന്ന് സൃഷ്ടി ആദിത്യയെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു, തുടര്‍ന്ന് ആദിത്യ തിരികെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുന്നതായി കണ്ടു.
താക്കോല്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന ആദിത്യയാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സൃഷ്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ആദിത്യ മകളെ ദുരുപയോഗം ചെയ്തിരുന്നുവെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി, തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് ആദിത്യയെ അറസ്റ്റ് ചെയ്തത്.
ഗോരഖ്പൂരില്‍ നിന്നുള്ള ആദ്യ വനിതാ പൈലറ്റാണ് സൃഷ്ടിയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുവതിയെ ആദരിച്ചിരുന്നുവെന്നും സൃഷ്ടിയുടെ അമ്മാവന്‍ വിവേക് തുലി പറഞ്ഞു.