ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലനത്തിനിടെ പൈലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. എയര്‍ ഇന്ത്യയില്‍ സീനിയര്‍ പൈലറ്റായ ഹിമാനില്‍ കുമാര്‍ (37) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.35-ഓടെ ടെര്‍മിനല്‍ മൂന്നില്‍ എയര്‍ഇന്ത്യയുടെ പരിശീലന പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സഹപ്രവർത്തകർ സിപിആർ നൽകി. വിമാനത്താവളത്തില്‍ത്തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്യൂട്ടിയുടെ ഭാഗമായി ഓഗസ്റ്റ് 23ന് കുമാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയനായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും കാണിച്ചിരുന്നില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 2024 ഓഗസ്റ്റ് 30വരെ അദ്ദേഹത്തിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നുമുതല്‍ ബോയിങ് 777 വിമാനം പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനത്തിലായിരുന്നു കുമാര്‍.