ഡല്‍ഹി: ഇന്ത്യയ്ക്കായി അവസാന അന്താരാഷ്ട്ര മത്സരം കളിച്ച് ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷം, വിരമിക്കല്‍ പ്രഖ്യാപിച്ച് 35 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വെറ്ററന്‍ ഇന്ത്യന്‍ സ്പിന്നര്‍ പിയൂഷ് ചൗള.
'രണ്ട് പതിറ്റാണ്ടിലേറെയായി കളിക്കളത്തില്‍ സേവനമനുഷ്ഠിച്ച ശേഷം, മനോഹരമായ കളിയോട് വിട പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് 36 കാരനായ സ്പിന്നര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
'ഇന്ത്യയെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രതിനിധീകരിക്കുന്നത് മുതല്‍ 2007 ലെ ടി20 ലോകകപ്പ്, 2011 ലെ ഏകദിന ലോകകപ്പ് വിജയ ടീമുകളുടെ ഭാഗമാകുന്നത് വരെ, ഈ അവിശ്വസനീയ യാത്രയിലെ ഓരോ നിമിഷവും ഒരു അനുഗ്രഹത്തില്‍ കുറഞ്ഞതല്ല. ഈ ഓര്‍മ്മകള്‍ എന്റെ ഹൃദയത്തില്‍ എന്നെന്നേക്കുമായി നിലനില്‍ക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007 ലെ ടി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ചൗള, 2006 മുതല്‍ 2012 വരെ ഇന്ത്യയ്ക്കായി 3 ടെസ്റ്റുകളും 25 ഏകദിനങ്ങളും 7 ടി20 മത്സരങ്ങളും കളിച്ചു, മൊത്തത്തില്‍ 43 വിക്കറ്റുകള്‍ വീഴ്ത്തി. 2022 മുതല്‍ 2024 വരെ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അവസാനമായി കളിച്ചത്.
'എന്നില്‍ വിശ്വാസമര്‍പ്പിച്ച ഐപിഎല്‍ ഫ്രാഞ്ചൈസികളായ പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവയ്ക്ക് ഹൃദയംഗമമായ നന്ദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്റെ കരിയറിലെ ഒരു പ്രത്യേക അധ്യായമാണ്, അതില്‍ കളിക്കുന്ന ഓരോ നിമിഷവും ഞാന്‍ വിലമതിച്ചിട്ടുണ്ട്. എന്നെ ഒരു ക്രിക്കറ്റ് കളിക്കാരനായി വളര്‍ത്തിയതിനും രൂപപ്പെടുത്തിയതിനും എന്റെ പരിശീലകരായ കെ കെ ഗൗതമിനും പരേതനായ പങ്കജ് സരസ്വതിനും എന്റെ അഗാധമായ നന്ദി.'
'അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഇന്ന് എനിക്ക് വളരെ വൈകാരികമായ ഒരു ദിവസമാണ്.
ഞാന്‍ ക്രീസില്‍ നിന്ന് മാറി നിന്നാലും ക്രിക്കറ്റ് എപ്പോഴും എന്റെ ഉള്ളില്‍ ജീവിക്കും. ഈ മനോഹരമായ കളിയുടെ ആത്മാവും പാഠങ്ങളും വഹിച്ചുകൊണ്ട് ഒരു പുതിയ യാത്ര ആരംഭിക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.