/sathyam/media/media_files/2026/02/25/untitled-2026-02-25-16-06-51.jpg)
റാഞ്ചി: ഏഴ് പേരുടെ മരണത്തിനിടയാക്കിയ ജാര്‍ഖണ്ഡിലെ എയര്‍ ആംബുലന്‍സ് അപകടത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ബ്ലാക്ക് ബോക്‌സ് ഉണ്ടായിരുന്നില്ലെന്ന് ഏവിയേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിന്റെ ഭാരം കുറവായതിനാലാണ് ബ്ലാക്ക് ബോക്‌സ് ഒഴിവാക്കിയത്.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ വിദഗ്ധ സംഘം ബുധനാഴ്ച അപകടസ്ഥലം സന്ദര്‍ശിക്കുകയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
റെഡ്‌ബേര്‍ഡ് എയര്‍വേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് തകര്‍ന്നുവീണത്. റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ഈ വിമാനം.
വ്യോമയാന നിയമപ്രകാരം 5,700 കിലോയില്‍ താഴെ ഭാരമുള്ള വിമാനങ്ങള്‍ക്ക് ബ്ലാക്ക് ബോക്‌സ് നിര്‍ബന്ധമില്ല. തകര്‍ന്ന വിമാനം ഈ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ ഇല്ലാതിരുന്നത്.
ചത്ര ജില്ലയിലെ സിമരിയ ബ്ലോക്കിലുള്ള കസാരിയ പഞ്ചായത്തിലാണ് വിമാനം തകര്‍ന്നത്. തിങ്കളാഴ്ച വൈകുന്നേരം റാഞ്ചിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
വിമാനം ആകാശത്ത് നിയന്ത്രണം നഷ്ടപ്പെട്ട് ആടിയുലയുന്നത് കണ്ടതായും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വലിയ ശബ്ദത്തോടെ തകരുകയായിരുന്നുവെന്നും ഗ്രാമവാസികള്‍ പോലീസിന് മൊഴി നല്‍കി.
അപകടത്തില്‍ മരിച്ച ഏഴുപേരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ശുഭം ഖണ്ഡേല്‍വാള്‍ അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us