എൻജിനിൽ തീപിടിത്തം; കാഠ്മണ്ഡു–ഇസ്താംബൂൾ ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്, 236 യാത്രക്കാരും സുരക്ഷിതർ

New Update
TURKISH PLANE

കൊൽക്കത്ത: എൻജിനിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. 

Advertisment

ബുധനാഴ്ച ഉച്ചയ്ക്ക് 2.49-ഓടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതരാണ്.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ വലത് എൻജിനിൽ തീ പടരുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 

ഉടൻ തന്നെ പൈലറ്റ് എൻജിൻ പ്രവർത്തനരഹിതമാക്കുകയും കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെട്ട് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും ചെയ്തു.

പൂർണ്ണ സജ്ജീകരണങ്ങളോടെ വിമാനത്താവള അധികൃതർ കാത്തുനിന്ന സാഹചര്യത്തിലാണ് ടർക്കിഷ് 727 വിമാനം സുരക്ഷിതമായി റൺവേയിൽ തൊട്ടത്. വിമാനം നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിൽ സാങ്കേതിക പരിശോധനകൾക്കായി മാറ്റിയിരിക്കുകയാണ്. 

പ്രാഥമിക പരിശോധനയിൽ വിമാനം തുടർയാത്രയ്ക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി ഗ്രൗണ്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് ഇസ്താംബുളിലേക്ക് പോകാൻ പകരം സംവിധാനം ഒരുക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

Advertisment