/sathyam/media/media_files/bN2RFNrLk7jTaaZvAmiW.jpg)
ഡൽഹി: ഉത്സവകാലത്തെ വിമാന ടിക്കറ്റ് ഇനി തോന്നുംപോലെ കൂട്ടാന്‍ പറ്റില്ല. നിരക്കിലെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഡിജിസിഎ നിര്‍ദേശം മുന്നോട്ട് വെച്ചു. കൂടാതെ ഉത്സവകാലമാകുമ്പോള്‍ രാജ്യത്തുടനീളം കൂടുതല്‍ സര്‍വീസുകള്‍ വിന്യസിക്കാനാണ് ഡിജിസിഎയുടെ നിര്‍ദേശം.
നിരക്ക് കൂട്ടാതെ തന്നെ ഉത്സവകാലത്ത് യാത്ര സുഗമമാക്കാനാണ് ഡിജിസിഎയുടെ ഈ നീക്കം. പ്രധാന റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് നിരക്കും കൃത്യമായി വിലയിരുത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്.
ദീപാവലിയോടനുബന്ധിച്ചുള്ള നിരക്ക് വര്‍ദ്ധനവ് തടയാനാകും എന്ന ഉദ്ദേശത്തോടെ ദീപാവലി ഉത്സവത്തിന് മുന്നോടിയായി സര്‍വീസ് വര്‍ധിപ്പിക്കുന്നതില്‍ തീരുമാനമായി. യാത്രക്കാര്‍ക്ക് നിരക്ക് വര്‍ദ്ധനവ് കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അതിനായി വിവിധ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നും ഡിജിസിഎ അറിയിച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ സുപ്രധാന വിമാന കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ വിന്യസിക്കാനാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ ഭാഗമായി ഇന്‍ഡിഗോ 42 റൂട്ടുകളില്‍ 730 വിമാനങ്ങള്‍ പുതുതായി വിന്യസിക്കും. കൂടാതെ എയര്‍ ഇന്ത്യ 20 റൂട്ടുകളില്‍ 486 വിമാനങ്ങളും സ്‌പൈസ് ജെറ്റ് 38 റൂട്ടുകളില്‍ 546 വിമാനങ്ങളും പുതുതായി വിന്യസിക്കാനും ധാരണയായി.