മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ഏക് ഹേ തോ സേഫ് ഹേ' (ഒരുമിച്ചു നിന്നാല്‍ ഞങ്ങള്‍ സുരക്ഷിതരാണ്) എന്ന മുദ്രാവാക്യം ഇപ്പോള്‍ രാജ്യത്തിന്റെ 'മഹാമന്ത്രം' ആയി മാറിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ഹരിയാനയ്ക്ക് പിന്നാലെയുള്ള മഹാരാഷ്ട്ര വിജയം ഐക്യത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഏക് ഹേ തോ സേഫ് ഹേ' രാഷ്ട്രത്തിന്റെ മഹാമന്ത്രമായി പ്രതിധ്വനിക്കുകയാണെന്നും മോദി പറഞ്ഞു. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ഐക്യത്തിന്റെ വികാരം ശക്തമായ പ്രഹരമാണ് നല്‍കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിഭജനം പ്രചരിപ്പിക്കുന്നവരെ ഈ മന്ത്രം ഒരു പാഠം പഠിപ്പിച്ചു. അവരെ ശിക്ഷിച്ചു. ആദിവാസികള്‍, ഒബിസികള്‍, ദലിതര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ബിജെപി-എന്‍ഡിഎയ്ക്ക് പിന്നില്‍ അണിനിരന്നു. ഇത് കോണ്‍ഗ്രസ്-ഇന്ത്യ സഖ്യത്തിന്റെ വിഭജന അജണ്ടയ്ക്കുള്ള ശക്തമായ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.