ഡല്‍ഹി: അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പരാമര്‍ശങ്ങള്‍ 'മന്‍ കി ബാത്ത്'യില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അടിയന്തരാവസ്ഥ കാലത്തെ ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഭരണഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
'അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയവര്‍ ഭരണഘടനയെ കൊലപ്പെടുത്തുകയും, ജുഡീഷ്യറിയെ അവരുടെ കളിപ്പാവയാക്കി മാറ്റുകയും ചെയ്തു,' എന്ന് മോദി പറഞ്ഞു. ആ കാലഘട്ടത്തിലെ അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതിലൂടെ ജനങ്ങളെ ഭരണഘടനയുടെ വില മനസ്സിലാക്കാന്‍ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം.
ഭരണഘടനാ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച മോദി, ജനങ്ങളുടെ പങ്കാളിത്തം വലിയ പ്രതിസന്ധികളെ പോലും നേരിടാന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
'ഞാന്‍ നിങ്ങള്‍ക്കായി ഒരു ഓഡിയോ പ്ലേ ചെയ്യാം. അതിലൂടെ ആ പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണയാകും,' എന്ന് അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കാലത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളും ഭരണകക്ഷി-പ്രതിപക്ഷ വാക്പോര്‍ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
കോണ്‍ഗ്രസിനെയോ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയോ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, അടിയന്തരാവസ്ഥയുടെ കാലഘട്ടത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.
മൊറാര്‍ജി ദേശായി അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയായിരുന്നുവെന്നും, ഇന്ദിരാഗാന്ധി ഭരണകാലത്ത് അടിച്ചമര്‍ത്തല്‍ വര്‍ഷങ്ങളായി തുടരുകയായിരുന്നുവെന്നും, അടിയന്തരാവസ്ഥയുടെ അവസാന രണ്ട് വര്‍ഷങ്ങളില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തിയെന്നും ഓഡിയോയിലൂടെ മോദി ഓര്‍മ്മിപ്പിച്ചു.