രണ്ട് സഹോദരിമാരെ പീഡിപ്പിച്ചു; തമിഴ്‌നാട്ടിൽ ജ്യോത്സ്യന് 200 വർഷം കഠിനതടവ്

ശിവഗംഗ ജില്ലയിലെ മനഗിരി സ്വദേശിയായ രാമകൃഷ്ണനെയാണ് (52) ശിവഗംഗ ജില്ലാ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

New Update
Untitled

ശിവഗംഗ: പഠനത്തില്‍ പിന്നാക്കമായ പെണ്‍കുട്ടികള്‍ക്ക് 'പരിഹാരക്രിയ' നടത്താമെന്ന് വിശ്വസിപ്പിച്ച് രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യന് 200 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി.

Advertisment

ശിവഗംഗ ജില്ലയിലെ മനഗിരി സ്വദേശിയായ രാമകൃഷ്ണനെയാണ് (52) ശിവഗംഗ ജില്ലാ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് 18-ഉം 14-ഉം വയസ്സുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പഠനത്തില്‍ മോശമാണെന്നും അതിനൊരു പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് മാതാവ് ജ്യോത്സ്യനെ സമീപിച്ചത്.


പരിഹാരക്രിയകള്‍ക്കായി പെണ്‍കുട്ടികളെ വീട്ടിലെത്തിക്കാന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെണ്‍കുട്ടികളുമായി എത്തിയ അമ്മയെ മറ്റൊരു മുറിയില്‍ ഇരുത്തിയ ശേഷം, കുട്ടികളെ വേറൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.


പീഡനവിവരം രഹസ്യമായി വെച്ചെങ്കിലും, രണ്ട് വര്‍ഷത്തിന് ശേഷം പെണ്‍കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ഇവര്‍ക്ക് ലൈംഗികരോഗം ബാധിച്ചതായി കണ്ടെത്തി. ഇതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

തിരുപ്പത്തൂര്‍ മഹിളാ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് ഗോകുല്‍ മുരുകന്‍ ആണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 200 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.

ഇരകളായ ഓരോ പെണ്‍കുട്ടിക്കും തമിഴ്നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Advertisment